റോഡ് ശരിയായപ്പോള്‍ ജനങ്ങളുടെ വെള്ളംകുടി മുട്ടി

കുന്ദമംഗലം: റോഡ്— മനോഹരമായപ്പോള്‍ ജനങ്ങളുടെ വെള്ളംകുടി മുട്ടി. ജപ്പാന്‍ കുടിവെള്ള പദ്ധതികളുടെ മാന്‍ ഹോളുകള്‍ക്ക് മുകളില്‍ ടാറിംഗ് നടത്തിയതോടെയാണ് നാട്ടുകാരുടെ വെള്ളംകുടി മുട്ടിയത്. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി ജനുവരി 31ന് ജല അതോറിറ്റിക്ക് കൈമാറുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. ആദ്യഘട്ടമായി കുന്ദമംഗലം പഞ്ചായത്തിലെ പദ്ധതി ജല അതോറിറ്റിക്ക് കൈമാറാനായിരുന്നു ഒരു മാസം മുമ്പ് ജില്ലാ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍  എംഎല്‍എയുടെ സാനിധ്യത്തില്‍ ചേര്‍ന്ന വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ജപ്പാന്‍ കുടിവെളള പദ്ധതി എന്നീ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡില്‍ നിര്‍മ്മിച്ചിട്ടുള്ള മാന്‍ ഹോളുകള്‍ക്ക് മുകളില്‍ പൊതുമരാമത്ത് വകുപ്പ് ടാറിംഗ് നടത്തിയതോടെ മാന്‍ ഹോളുകള്‍ തുറക്കണമെങ്കില്‍ റോഡ്— വെട്ടിപൊളിക്കേണ്ട അവസ്ഥയാണിപ്പോള്‍. പൈപ്പ് ലൈനിന്റെയും മാന്‍ ഹോളിന്റെയും ജോലി പൂര്‍ത്തിയായാല്‍ മാത്രമേ പദ്ധതി ജല അതോറിറ്റിക്ക് കൈമാറാന്‍ സാധിക്കുകയുള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്. ടാറിംഗ് നടത്തുന്ന കാര്യം ജല അതോറിറ്റി ഉദ്യോഗസ്ഥരെ നേരത്തെ അറിയിച്ചിരുന്നു എന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. ആദ്യഘട്ട ടാറിംഗ് മാത്രമാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്  ഇതിനുമുകളില്‍ ഒരു തവണ കൂടി ടാറിംഗ് നടക്കാനുണ്ട് അതിന് മുമ്പ് മാന്‍ ഹോളിന്റെ പണി പൂര്‍ത്തിയാക്കണം .അല്ലെങ്കില്‍ പിന്നീട് റോഡ്— വെട്ടിപൊളിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top