റോഡ് വെട്ടിപൊളിക്കെലിനെതിരേ നടപടിയില്ല : മേയറുടേയും മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെയും ഉത്തരവിന് അവഗണനതൃശൂര്‍: മേയറുടേയും മരാമത്ത് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്റേയും ഇടപെടലുകള്‍ക്ക് പുല്ലുവില, റോഡ് വെട്ടിപൊളിക്കെതിരെ നടപടിയെടുക്കാതെ ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റെ ഒത്തുകളി. പാലിയം റോഡിലുള്‍പ്പെടെ അനധികൃതമായ വെട്ടിപൊളിക്ക് നടപടിയെടുക്കുന്നതിന് മേയര്‍ അജിത ജയരാജനും മരാമത്ത് സ്റ്റാന്റിങ്  കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എം പി ശ്രീനിവാസനും നല്‍കിയ ഉത്തരവുകളാണ് അവഗണിക്കപ്പെട്ടത്. ബിഎസ്എന്‍എല്ലിന്റെ പ്രവൃത്തിയെന്ന ബോര്‍ഡ് വെച്ച് തട്ടിപ്പ് നടത്തി പാലിയം റോഡ് കേബിളിടാന്‍ കുത്തിപൊളിച്ചതുസംബന്ധിച്ച് അന്വേഷിച്ച് നടപടിക്കായി മരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എം പി ശ്രീനിവാസന്‍ മാര്‍ച്ച് 29ന് കോര്‍പറേഷന്‍ സെക്രട്ടറിക്ക് കത്തു നല്‍കിയതാണ്. സെക്രട്ടറി നടപടിക്കായി ടൗണ്‍പ്ലാനിങ്് വിഭാഗത്തിനും ഉത്തരവ് നല്‍കിയതാണ്. പക്ഷെ അന്വേഷണവും നടപടിയും ഉണ്ടായില്ല. റോഡ് വെട്ടിപൊളിക്കെതിരെ ഏപ്രില്‍ 12ന് മേയര്‍ക്കും സെക്രട്ടറിക്കും വീണ്ടും ശ്രീനിവാസന്‍ കത്തു നല്‍കി. റോഡ് വെട്ടിപൊളി അതീവ ഗുരുതരമായ നടപടിയാണെന്ന് ചൂണ്ടികാട്ടിയും വെട്ടിപൊളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പൊതുമരാമത്ത് കാര്യസ്റ്റാന്റിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയും മേയര്‍ ഉത്തരവിട്ട് മറുപടി കത്തും നല്‍കി. പിന്തുണയും സഹായവും മേയര്‍ കത്തില്‍ വാഗ്ദാനവും ചെയ്തു. പക്ഷെ പ്ലാനിങ് വിഭാഗത്തില്‍നിന്നും നടപടിയുണ്ടായില്ല. ഇക്കാര്യം ചൂണ്ടികാട്ടി ഏപ്രില്‍ 18നു ശ്രീനിവാസന്‍ വീണ്ടും സെക്രട്ടറിക്ക് കത്ത് നല്‍കി. രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ റിപോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. പക്ഷെ അതും അവഗണിക്കപ്പെട്ടു.ഇക്കാര്യം ചൂണ്ടികാട്ടി ഏപ്രില്‍ 27ന് ശ്രീനിവാസന്‍ മേയര്‍ അജിത ജയരാജന് പരാതി നല്‍കി. റോഡ് വെട്ടിപൊളിക്കെതിരെ സെക്രട്ടറിക്ക് രണ്ട് കത്തുകള്‍ നല്‍കിയിട്ടും സെക്രട്ടറിയുടെ ഭാഗത്തുനിന്നു യാതൊരു നടപടികളും ഉണ്ടായില്ലെന്നും റിപോര്‍ട്ട് നല്‍കിയില്ലെന്നും ശ്രീനിവാസന്‍ പരാതിയില്‍ ചൂണ്ടികാട്ടി. ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരത്തിലുള്ള സെക്രട്ടറിയുടെ നടപടി നിരുത്തരവാദപരമാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈകൊള്ളണമെന്നും കത്തില്‍ ശ്രീനിവാസന്‍ മേയറോട് അഭ്യര്‍ത്ഥിച്ചിരുന്നു. മേയര്‍ക്ക് കത്ത് നല്‍കി ഒരു മാസം പിന്നിട്ടിട്ടും മരാമത്തുകമ്മിറ്റി ചെയര്‍മാന് പോലും നീതി ലഭിച്ചില്ല. ഒരു വിശദീകരണവും മറുപടിയും ലഭിച്ചില്ല. നടപടികളും ഉണ്ടായില്ല. മേയര്‍ക്കും സ്ഥിരം സമിതി അധ്യക്ഷന് മുകളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം റോഡ് വെച്ചിപൊളിച്ചവര്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് ആരോപണം ശക്തമാണ്.പാലിയം റോഡില്‍ 100 മീറ്റര്‍ അകലത്തില്‍ കുഴികളുണ്ടാക്കി ഭൂഗര്‍ഭകേബിള്‍ ഇടുന്നതിനായിരുന്നു ശ്രമം. ഷൊര്‍ണൂര്‍ റോഡ് വെട്ടിപൊളിക്കാനും മാര്‍ക്ക് ചെയ്തിരുന്നതാണ്. പത്രവാര്‍ത്തയെ തുടര്‍ന്ന് പണി നിറുത്തിവെച്ചു. ബിഎസ്എന്‍എല്ലിന്റെ പ്രവൃത്തിയെന്ന ബോര്‍ഡ് വെച്ചായിരുന്നു റോഡ് വെട്ടിപൊളിച്ചതെങ്കിലും ഈ വെട്ടിപൊളിയുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്ന ബിഎസ് എ ന്‍എല്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആധുനിക യന്ത്ര സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി നൂറ് മീറ്റര്‍ ഇടവിട്ട് കുഴിയെടുത്ത് ഭൂഗര്‍ഭ കേബിളിടുന്ന സംവിധാനം തങ്ങള്‍ക്കില്ലെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരുന്നു. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ ബോര്‍ഡ്‌വെച്ച് ആധുനിക സംവിധാനത്തോടെ കേബിളിടാന്‍ റോഡ് വെട്ടി പൊളിക്കുന്നത് ഗുരുതരമായ ക്രിമിനല്‍കുറ്റം ആയിട്ടുപോലും കേബിളിട്ടവരെ കണ്ടെത്താന്‍ ശ്രമിക്കാതെ സംരക്ഷണം നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന ആരോപണമുണ്ട്. ബന്ധപ്പെട്ടവരുടെ മൗനാനുവാദം ഇതിന് പിന്നിലുണ്ടെന്ന് പറയുന്നു. കോര്‍പറേഷന് അപേക്ഷ നല്‍കിയശേഷം അനുമതി നേടാതെ റിലയന്‍സ് നഗരത്തിലെ റോഡുകളാകെ കോര്‍പറേഷന്‍ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ വെട്ടിപൊളിച്ചതും അതിനെതിരെ നടപടി സ്വീകരിക്കാതെ സംരക്ഷണം നല്‍കിയതും വിവാദമായതിന് പിന്നാലെയാണ് പാലിയം റോഡില്‍ ബിഎസ്എന്‍എല്ലിനെ മറയാക്കിയുള്ള തട്ടിപ്പ്.

RELATED STORIES

Share it
Top