റോഡ് വികസനത്തിന് 57.6939 കോടി

കോഴിക്കോട്: കുടിവെള്ളത്തിന് 4.96 കോടി രൂപയുടെ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു. ജില്ലാപഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും 18 പട്ടികജാതി- പട്ടികവര്‍ഗ കോളനികളിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.
ഹരിതകേരളം ജലസംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി കുറ്റിയാടിപുഴനവീകരണം, മഞ്ഞപ്പുഴ- മാമ്പുഴ നവീകരണം (രണ്ടാംഘട്ടം), രാമന്‍ പുഴനവീകരണം, പൂനൂര്‍ പുഴ നവീകരണം, പൂളേങ്കരചാലി (ഒളവണ്ണ), കല്‍പ്പൂര്‍ വിസിബി —(കൂടരഞ്ഞി), ചെക്യാട് വിസിബി നിര്‍മണം, കൊന്തളത്ത്താഴം വി സി ബി (കിഴക്കോത്ത്) വടക്കുമ്പാട് വിസിബി, പുഞ്ചപ്പാടം വിസിബി, ചോറോട്, ചാരംകൈ വിസിബി (അഴിയൂര്‍) തുടങ്ങിയവയ്ക്കായി 4.85 കോടി വകയിരുത്തിയിട്ടുണ്ട്. ശുചിത്വത്തിനായി 4.85 കോടിയാണ് നീക്കിവച്ചത്. ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്, മരുതോങ്കര എംആര്‍എഫ് സ്ഥാപിക്കല്‍, വിവിധ പട്ടികജാതി വിഭാഗത്തിനുള്ള ശ്മശാനങ്ങള്‍ നവീകരിക്കല്‍ തുടങ്ങിയവയ്്ക്കും പദ്ധതിയുണ്ട്. കുറ്റിയാടിയില്‍  25 ലക്ഷം മുടക്കി വനിതാ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കും.
റോഡ് വികസനത്തിന് 57.6939  കോടിയുടെ പദ്ധതികളാണുള്ളത്. വനിതാ ക്ഷേമത്തിന് 5.774 കോടി യുടെ പദ്ധതിയുണ്ട്. വനിതാ തിയേറ്റര്‍ ഗ്രൂപ്പ്, കുന്നുമ്മല്‍ വില്ല്യാപ്പള്ളി എന്നിവടങ്ങളില്‍ വനിതാ ഹോസ്റ്റല്‍, വനിതാ മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തന് 48 ലക്ഷം വകയിരുത്തി.
വടകര ജില്ലാ ആശുപത്രിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍, സീതാലയം പദ്ധതി എന്നിവയുള്‍പ്പെടുത്തി ആരോഗ്യരംഗത്ത് 2.67 കോടിയുടെ പദ്ധതികള്‍ക്കാണ് അനുമതി. സ്പന്ദനം, സ്‌നേഹസ്പര്‍ശം എന്നിവയ്ക്കും വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്, മനോരോഗികള്‍ക്ക് മരുന്ന്, പാലിയേറ്റീവ് സൊസൈറ്റികള്‍ക്ക്  വാട്ടര്‍ബെഡ് നല്‍കല്‍ തുടങ്ങിയവയ്ക്കും തുക അനുവദിച്ചു.

RELATED STORIES

Share it
Top