റോഡ് വികസനത്തിന് പറമ്പ്് വെട്ടിക്കീറിയതിനെ ചൊല്ലി വിവാദം

നാദാപുരം: വൃദ്ധരായ സ്ത്രീകളും ഊമയായ യുവാവും താമസിക്കുന്ന വീടിന്റെ പറമ്പ് റോഡ് വികസനത്തിനായി വെട്ടിക്കീറിയത് വിവാദമാകുന്നു. ജാതിയേരി-വയലോളി താഴെ റോഡ് വികസനത്തിന്  സ്ഥലം വിട്ട് നല്‍കിയില്ലെന്നാരോപിച്ചാണ് ഒരു സംഘം പറമ്പ് വെട്ടിക്കീറി വീതി കൂട്ടിയത്. ഒരു കിലോമീറ്റര്‍ വരുന്ന റോഡ് പ്രവൃത്തി തുടങ്ങിയിട്ട് രണ്ട് വര്‍ഷമായെങ്കിലും സ്ഥലം ലഭിക്കാത്തതിനാല്‍ ഇത് വരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും 15 ലക്ഷം രൂപയാണ് റോഡ് വികസനത്തിന് അനുവദിച്ചത്. പ്രാരംഭ പ്രവൃത്തിയുടെ തുടക്കം മുതലെ ഭൂമി വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ജനകീയ കമ്മിറ്റിയുടെ ഇടപെടലില്‍ പലരും റോഡ് വികസനത്തിന് ഭൂമി വിട്ടു നല്‍കിയെങ്കിലും ഒരു കുടുബം ഭൂമി വിട്ടു നല്‍കാതായതോടെ പ്രവൃത്തി പാതിവഴിയിലായി. കഴിഞ്ഞ ദിവസം രാവിലെ നൂറോളം വരുന്ന ഒരു സംഘം റോഡ് വെട്ടിക്കീറി ആറ് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുകയായിരുന്നു. മണ്ണ് മാന്തി യന്ത്രവുമായി നാട്ടുകാര്‍ റോഡ് വീതി കൂട്ടുന്നതിനിടെ പരാതിയില്‍ വളയം പോലിസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ റോഡ് വീതി കൂട്ടിയിരുന്നു. ജാതിയേരി വയലോളി താഴെ റോഡില്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുക പതിവാണ്. ഗ്രാമപ്പഞ്ചായത്തിലേതിലടക്കം നിരവധി സമരങ്ങളും റോഡിന്റെ പേരില്‍ നടന്നിരുന്നു. ഇതെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. റോഡ് വികസനത്തിന്  തടസ്സം നില്‍ക്കുന്നുവെന്ന വാദം തെറ്റാണെന്നും തിങ്കളാഴ്ച സ്വന്തം നിലയില്‍ മതില്‍ പൊളിച്ച് മാറ്റാന്‍ തയ്യാറായ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും സ്ത്രീകള്‍ മാത്രം വീട്ടിലുള്ളപ്പോള്‍ റോഡിന് വേണ്ടി സ്ഥലമെടുത്തത് ശരിയെല്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top