റോഡ് പ്രവൃത്തിക്കിടെ ബിഎസ്എന്‍എല്‍ കേബിളുകള്‍ തകര്‍ത്തു

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണ പ്രവൃത്തിക്കിടെ കിളിയന്തറയില്‍ ബിഎസ്എന്‍എല്ലിന്റെ കേബിളുകള്‍ തകര്‍ത്തു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പേരട്ട മേഖലയില്‍ 550 പേര്‍ക്ക് കണക്്ഷന്‍ ഇല്ലാതായി. ബ്രോഡ് ബാന്റ്ും തകര്‍ന്നതിനാല്‍ ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടെ ഇന്റര്‍നെറ്റ് കണക്്ഷനില്ലാതെ സ്തംഭനാവസ്ഥയിലായി. കിളിയന്തറ സെന്റ് തോമസ് സ്‌കൂളിന്റെ മുന്‍വശത്തുള്ള റോഡില്‍ ഓവുചാല്‍ പണിക്കിടെയാണ് കേബിളുകള്‍ തകര്‍ത്തത്. 200 പെയറിന്റെ രണ്ട് കേബിളുകള്‍ 60 മീറ്റര്‍ നീളത്തിലും 50 മീറ്ററിന്റെ മൂന്നു കേബിളുകള്‍ 100 മീറ്റര്‍ നീളത്തിലുമാണ് നശിച്ചത്.
റോഡ് പ്രവൃത്തി നടത്തുന്നവരുടെ അശ്രദ്ധയാണ് കാരണമെന്നാണ് ബിഎസ്എന്‍എല്‍ അധികൃതരുടെ പരാതി. 200 പേര്‍ക്ക് കണക്്ഷന്‍ കൊടുക്കാന്‍ സ്ഥാപിക്കുന്ന 200 പെയറിന്റെ കേബിള്‍ നന്നാക്കണമെങ്കില്‍ ഒരു ദിവസം വേണം. പേരട്ടയിലേക്ക് കണക്്ഷന്‍ പോവുന്ന കേബിളുകളാണ് കിളിയന്തറയില്‍ തകര്‍ന്നത്.
നാളെ വൈകീട്ടോടെയേ പുനസ്ഥാപിക്കാനാവൂ. കഴിഞ്ഞ ആഴ്ചയും കിളിയന്തറയില്‍ കേബിളുകള്‍ നശിപ്പിച്ചിരുന്നു. റോഡ് നിര്‍മാണം ആരംഭിച്ച ശേഷം ഒന്നര വര്‍ഷത്തിനകം ഇരിട്ടി സബ്ഡിവിഷന്‍ പരിധിയില്‍ മാത്രം അര കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഉളിയില്‍ നിന്ന് കൂട്ടുപുഴ വരെയുള്ള ദൂരത്തെ നഷ്ടമാണിത്.
ഇതിന്റെ ശരാശരി വച്ചു നോക്കിയാല്‍ തലശ്ശേരി-വളവുപാറ ദൂരത്തില്‍ ഇതിന്റെ മുന്നിരട്ടിയോളം നഷ്ടം വരും. കേബിളുകള്‍ക്ക് നാശം വരുത്താതെ റോഡ് നിര്‍മിക്കാന്‍ സാധിക്കുന്നതാണെങ്കിലും പണിയില്‍ താമസം വരുന്നതിനാന്‍ ജാഗ്രത കാണിക്കാതിരിക്കുന്നതാണ് പ്രശ്‌നത്തിനു കാരണം. ജല അതോറിറ്റിക്കും കെഎസ്ഇബിക്കും കെഎസ്ടിപി നഷ്ടപരിഹാരം നല്‍കുമെങ്കിലും ബിഎസ്എന്‍എല്ലിന് നല്‍കാറില്ല.

RELATED STORIES

Share it
Top