റോഡ് പൊളിച്ച് കട്ട വിരിക്കല്‍; നഗരസഭയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം

കളമശ്ശേരി: ടാര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞ റോഡുകള്‍ തകര്‍ത്ത് കോണ്‍ക്രീറ്റ് കട്ടകള്‍ വിരിക്കുന്നത് മൂലം നഗരസഭയ്ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഹെന്നി ബേബി ആരോപിച്ചു.
പൊതുമരാമത്തിന്റെ അനാസ്ഥയാണ് പുതിയ റോഡുകള്‍ തകര്‍ത്ത് കട്ട വിരിക്കാന്‍ ഇടയാക്കുന്നതെന്ന് അവര്‍ പറഞ്ഞു. റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഭാഗത്ത് ടാര്‍ ഇട്ട റോഡുകള്‍ പെട്ടെന്ന് തകരുന്നത് തടയുന്നതിന് പരിഹാരമായിട്ടാണ് ഇത്തരം ഭാഗങ്ങളില്‍ കോ ണ്‍ക്രീറ്റ് കട്ടകള്‍ വിരിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ രണ്ടും മൂന്നും കിലോമീറ്റര്‍ ദുരത്തില്‍ പണിയുന്ന റോഡില്‍ കുറഞ്ഞ ദൂരം മാത്രം കട്ട വിരിക്കുന്നതാണ് പതിവ്.
പലപ്പോഴും നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വാര്‍ഡുകളില്‍ കട്ട വിരിക്കുന്നതിന് ടെണ്ടര്‍ ക്ഷണിക്കുമ്പോള്‍ പുതിയ ടാര്‍ ചെയ്ത റോഡുകള്‍ തകര്‍ത്താണ് കട്ട വിരിക്കുന്ന ജോലികള്‍ നടത്തുന്നതെന്ന് നേരത്തെ തന്നെ പരാതിയുണ്ട്.
അതേസമയം വല്ലാര്‍പാടം നാലുവരി പാതയുള്‍പ്പെടെ റോഡുകളുടെ ഇരുവശങ്ങളിലും അനധികൃത പെട്ടിക്കടകള്‍ പെരുകുന്നുണ്ടെന്നും ഇതിനെതിരേ നഗരസഭ പരിശോധന കര്‍ശനമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top