റോഡ് പുനര്‍നിര്‍മാണം: ജനം ദുരിതത്തില്‍

ചേര്‍ത്തല: കഴിഞ്ഞ അഞ്ചുമാസമായി നടക്കുന്ന ചേര്‍ത്തല  തണ്ണീര്‍മുക്കം റോഡിന്റെ പുനര്‍ നിര്‍മാണം ജനങ്ങളെ ദുരിതത്തിലാക്കുന്നു. മുല്ലപ്പള്ളി കലിങ്കു മുതല്‍ കട്ടച്ചിറ ഭാഗം വരെ ടാറിങ് നടന്നിട്ടുണ്ടെങ്കിലും റോഡ് അടച്ചിട്ടിരിക്കുന്നതിനാല്‍ ഈ പ്രദേശത്തുകാര്‍ ഏറെ ദുരിതത്തിലാണ്. മുല്ലപ്പള്ളി ഭാഗത്തെ കലിങ്ക് പൊളിച്ച് പുനര്‍നിര്‍മാണം നടക്കുമ്പോള്‍ ആവശ്യമായ വീതി കിട്ടണമെങ്കില്‍ ഇലക്ട്രിക്കല്‍ പോസ്റ്റ് മാറ്റേണ്ടതുണ്ട്. കൂടാതെ ഉപയോഗശൂന്യമായ വാട്ടര്‍ അതോറിറ്റിയുടെ ആസ്പറ്റോസ് പൈപ്പ് നീക്കാതെയാണ് കോണ്‍ക്രീറ്റ് നടക്കുന്നത്.
മുന്‍കരുതലും കാഴ്ചപ്പാടും ഇല്ലാതെയാണ് പൊതുമരാമത്ത് വകുപ്പ് ഈ റോഡിലെ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നത്. ഇലക്ട്രിക്കല്‍, ടെലിഫോണ്‍ പോസ്റ്റ്, അനധികൃത കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്താലെ പരമാവധി റോഡിന് വീതി കിട്ടുകയുള്ളു. കെഎസ്ഇബി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇനിയും പൊതുമരാമത്ത് വകുപ്പ് പണമടച്ചിട്ടില്ല. തര്‍ക്കം പരിഹരിക്കുന്നതിന് കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച്  ഏഴിന് എസ്എസ്എല്‍സി പരീക്ഷയും 23ന് ദേവീക്ഷേത്രത്തിലെ ഉല്‍സവവും ആരംഭിക്കുന്നതിനാല്‍ കലിങ്ക് ഉള്‍പ്പെടെയുള്ള റോഡ് നിര്‍മാണം അടിയന്തരമായി നടത്തണമെന്ന് പൊതുമരാമത്ത്  വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍  കാണിച്ച് പൊതുപ്രവര്‍ത്തകനായ വേളോര്‍വട്ടം ശശികുമാര്‍  മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചിന് 10.30ന് ആലപ്പുഴ ഗവ.ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും.
അഞ്ചര മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. 6 കിലോമീറ്റര്‍ താഴെയാണ് റോഡിന്റെ നീളം, പ്രധാനപ്പെട്ട കവലയായ കാളികുളം കവലയില്‍ മാത്രമാണ് വീതി കൂട്ടിയിരിക്കുന്നത്.
കൂടാതെ പഞ്ചായത്ത് കവല, വാരനാട് കവല തുടങ്ങിയ സ്ഥലങ്ങളിലും വീതി കൂട്ടേണ്ടതുണ്ട്. ഗുണ്ടുവളവ് മുതല്‍ ഒരു കിലോമീറ്റര്‍ കയര്‍ ഭൂവസ്ത്രം വിരിക്കേണ്ടതുണ്ട്. കൂടാതെ നഗരത്തിലേയ്ക്കുള്ള മൂന്നു കലിങ്കുകളുടെ പണിയും നടക്കേണ്ടതുണ്ട്. അരമണിക്കൂര്‍ ഇടവിട്ട് രോഗികളുമായി കോട്ടയത്തേയ്ക്ക് ആംബുലന്‍സ് പോകുന്ന വഴിയാണ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും ഇതുവഴിയാണ് കടന്നുപോവുന്നത്.

RELATED STORIES

Share it
Top