റോഡ് പണി പാതിവഴിയില്‍; സമരം ശക്തമാക്കി കോണ്‍ഗ്രസ്

കൊല്ലം: മൈലാപ്പൂര്-പുതുച്ചിറ-ഡീസന്റ് ജങ്ഷന്‍-കല്ലുവെട്ടാംകുഴി റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃക്കോവില്‍വട്ടം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം കൂടി. വികസനത്തിന്റെ പേരില്‍ ജെസിബി ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ റോഡു വെ—ട്ടിപൊളിച്ചിട്ടിരിക്കുകയും ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്വാറി വേസ്റ്റും മെറ്റലും നിരത്തിയിരിക്കുകയുമാണ്. തുടര്‍ന്ന് ഡീസന്റ് ജങ്ഷനില്‍ തൃക്കോവില്‍വട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. എന്നാല്‍ നാളിതു വരെ തുടര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ആരാധനാലയങ്ങള്‍ക്കും തൊഴില്‍ശാലകള്‍ക്കും മുന്നിലൂടെ കടന്നുപോകുന്ന റോഡ് ഈ സ്ഥിതി തുടരുന്നതിനാല്‍ പ്രദേശവാസികള്‍ക്കും യാത്രകാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും ഗതാഗത തടസ്സവുമുണ്ടാവുന്നു. ജനജീവിതം ഇത്രകണ്ട് ദുസ്സഹമായ അവസ്ഥയിലും നടപടി സ്വീകരിക്കാത്ത മന്ത്രി കൂടിയായ സ്ഥലം എംഎല്‍എ അടക്കമുളള ജനപ്രതിനിധികളുടെ മനോഭാവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് തൃക്കോവില്‍വട്ടം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈലാപ്പൂര് ജങ്ഷനില്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധപ്രകടനം ഡീസന്റ് ജങ്ഷനില്‍ സമാപിക്കുകയും തുടര്‍ന്നു നടന്ന പൊതുസമ്മേളനം മുന്‍ ഡിസിസി പ്രസിഡന്റ് എന്‍ അഴകേശന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി കൊച്ചുമ്മന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ഷെഫീഖ് ചെന്താപ്പൂര് , കെപിസിസി സെക്രട്ടറി എംഎം നസീര്‍, ബ്ലോക്ക് പ്രസിഡന്റ് നാസിമുദ്ദീന്‍ ലബ്ബ, മണ്ഡലം ജനറല്‍ സെക്രട്ടറി എസ് ജയദേവ്, കെബി ഷഹാല്‍, ഷാജഹാന്‍, സിംപിള്‍ ഷെമീര്‍, സന്തോഷ്, നജുമുദ്ദീന്‍, ബി എസ് രാജീവ്, സീതാഗോപാല്‍, ജ്യോതിഷ്, സംസാരിച്ചു.

RELATED STORIES

Share it
Top