റോഡ് നിര്‍മാണത്തെച്ചൊല്ലി നഗരസഭാ യോഗത്തില്‍ ബഹളം

കാസര്‍കോട്: കാസര്‍കോട് നഗരസഭാ യോഗത്തില്‍ റോഡ് നിര്‍മാണത്തെ ചൊല്ലി ബഹളം. യോഗത്തില്‍ സപ്ലിമെന്ററി അജണ്ടയായി നഗരസഭാ റോഡ് ഇന്റര്‍ലോക്ക്, ഡ്രെയിനേജ്, കവറിങ് സ്ലാബ്, ഫുട്പാത്ത് പ്രവൃത്തികള്‍ക്കായി 9,00,000 രൂപ മാറ്റിവച്ചതാണ് ലീഗ് വിമതനും നഗരസഭയിലെ ഇരുപതാം വാര്‍ഡ് കൗണ്‍സിലറുമായ റാഷിദ് പൂരണം ചോദ്യം ചെയ്തത്. കാലങ്ങളോളം അറ്റകുറ്റപ്പണി നടക്കാത്ത ഒട്ടേറെ റോഡുകള്‍ നഗരസഭാ പരിധിയില്‍ ഉണ്ടെന്നിരിക്കെ തകര്‍ന്നിട്ടില്ലാത്ത റോഡിനു വേണ്ടി ലക്ഷങ്ങള്‍ മാറ്റിവയ്ക്കുന്നത് അഴിമതിക്ക് കളമൊരുക്കാനാണെന്ന് റാഷിദ് പറഞ്ഞു.
എന്നാല്‍ നഗരസഭാ റോഡിന് ഡ്രൈനേജ് സൗകര്യം ഇല്ലാത്തതിനാല്‍ അത് നിര്‍മിക്കുകയാണ് ഉദ്ദേശ്യമെന്നും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇന്റര്‍ലോക്ക് പ്രവൃത്തി നടത്തുന്നതെന്നും വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ് യോഗത്തെ അറിയിച്ചു.
നഗരത്തിലെ അമേയ് റോഡ് തകര്‍ച്ചയെക്കുറിച്ച ചോദ്യം നഗരസഭ പതിനെട്ടാം വാര്‍ഡ് കൗണ്‍സിലര്‍ സുജിത്ത് ഉന്നയിച്ചു. റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചിട്ട് എട്ട് മാസമേ ആയുള്ളൂ. അതിനകം റോഡ് പൂര്‍ണമായും തകര്‍ന്നു. 10ലക്ഷം രൂപ ചെലവഴിച്ചാണ് 165 മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡ് അറ്റകുറ്റപ്പണി നടത്തിയത്. അറ്റകുറ്റപ്പണിയിലെ അപാകതയാണ് റോഡ് തകരാന്‍ കാരണം. എത്രയും വേഗം പ്രവൃത്തി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും സുജിത്ത് പറഞ്ഞു.
നഗരസഭയിലെ വനിതാ ഓവര്‍സിയറെ സസ്‌പെന്റ ചെയ്തത് ചീഫ് സെക്രട്ടറി റദ്ദാക്കിയതിനെതിരേ നഗരസഭ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതു സംബന്ധിച്ചും ചോദ്യമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടത്തിപ്പിന് 25,000 രൂപ മുന്‍കൂറായി നഗരസഭ ചെലവഴിച്ചത് ചട്ടലംഘനമാണെന്ന് സിപിഎം പ്രതിനിധി കെ ദിനേശന്‍ ആരോപിച്ചു. നഗരസഭാ കൗണ്‍സില്‍ യോഗം പലപ്പോഴും പ്രഹസനമായി മാറുന്നുവെന്നും വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പല ചോദ്യങ്ങള്‍ക്കും യോഗത്തില്‍ ഉത്തരം ലഭിക്കുന്നില്ലെന്നും നഗരസഭയിലെ പത്താം വാര്‍ഡ് കൗണ്‍സിലര്‍ കെ സവിത പറഞ്ഞു.
കണ്ണൂര്‍-മംഗളൂരു മെമു സര്വീസ് ആരംഭിക്കണമെന്ന് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മുജീബ് തളങ്കര പ്രമേയം അവതരിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top