റോഡ് നിര്‍മാണത്തില്‍ അപാകത; എഴുവന്തലയില്‍ അപകടങ്ങള്‍ പതിവാകുന്നു

ചെര്‍പ്പുളശ്ശേരി: കൊപ്പം -പേങ്ങാട്ടിരി റോഡില്‍ എഴുവന്തല വായനശാല മുതല്‍ ഇടുതറ വരെയുള്ള റോഡ് പുതുക്കിപ്പണിത ഭാഗങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാവുന്നു.
പേങ്ങാട്ടിരി മുതല്‍ ഇടുത്തറ വരെ പി കെ ശശി എംഎല്‍ എയുടെ വികസന ഫണ്ടില്‍നിന്ന് തുക വിനിയോഗിച്ച് റബറൈസ് ചെയ്തിരുന്നു. ഇതില്‍ ഈ ഭാഗം നിലവിലുള്ള റോഡില്‍നിന്ന് രണ്ടു മുതല്‍ മൂന്ന് അടി വരെ ഉയര്‍ത്തിയാണ് റോഡ് റബറൈസ് ചെയ്തിട്ടുള്ളത്.
റോഡിന്റെ ഇരുവശങ്ങളും മണ്ണിട്ട് നികത്താത്തതിനാലാണ് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്. റോഡ് നവീകരിച്ചതിനാല്‍ വാഹനങ്ങളുടെ വേഗത കൂടുതലുമാണ്. വാഹനങ്ങളുടെ ഒരു ഭാഗം റോഡില്‍നിന്ന് തെന്നിയാല്‍ വാഹനം മറിയുകയാണ് പതിവ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൊപ്പം ആമയൂര്‍ഭാഗത്ത് നിന്ന് വേങ്ങശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്‌കോര്‍പ്പിയോ കാര്‍ രണ്ട് തവണ കീഴ്‌മേല്‍ മറിഞ്ഞു. വേങ്ങശ്ശേരി സ്വദേശികളായയാത്രക്കാര്‍  നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സതീഷ്, ഭാര്യ ആരതി, മകന്‍ അഞ്ച് വയസ് കാരന്‍ അനയ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം വയനാട്ടില്‍നിന്ന് കോങ്ങാട്ടിലേക്ക് പോവുകയായിരുന്ന ഓമ്‌നി വാനും അപകടത്തില്‍ പെട്ടിരുന്നു. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ അപകടത്തില്‍ പെടുന്നത് നിത്യ കാഴ്ചയാണ്. ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ യാത്രക്കാര്‍ വീഴുന്നതും പതിവാണ്. ഇറങ്ങുന്ന സ്ഥലത്തിന്റെ താഴ്ചയാണ് കാരണം
റോഡിന്റെ ഇരുവശങ്ങളിലും ഒരടി ഉയരത്തില്‍ പടവ് നിര്‍മിച്ച് മണ്ണിട്ട് നികത്തണമെന്നാണ് ഇനങ്ങളുടെ ആവശ്യം. കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിന്ന് മുമ്പ് പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

RELATED STORIES

Share it
Top