റോഡ് നിര്‍മാണത്തില്‍ അപാകത; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

മുക്കം: പട്ടികജാതി വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടുപയോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച റോഡിന്റെ നിര്‍മാണത്തില്‍ അപാകതയെന്നാരോപണം. 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച അഗസ്ത്യന്‍മൂഴി തടപ്പറമ്പ് താഴക്കോടുമ്മല്‍ റോഡ് നിര്‍മാണത്തിലെ അപാകതകള്‍ക്കെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
അപാകതകള്‍ മറയ്ക്കാന്‍ റോഡില്‍ പാറപ്പൊടിയിട്ട നിലയിലാണ്. മാര്‍ച്ച് 24 പട്ടിക ജാതി  പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ  മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്ത റോഡാണിത്. ഉദ്ഘാടനം ദിവസം തന്നെ അപാകതകള്‍ കരാറുകാരന്റെയും വാര്‍ഡ് കൗണ്‍സലറുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനകം നന്നാക്കാമെന്നായിരുന്നു മറുപടി. 500 മീറ്റര്‍ നീളമുള്ള റോഡിന്റെ കയറ്റമുള്ള ഭാഗത്ത് 50 മീറ്ററോളം നീളത്തിലാണ് വലിയ രീതിയില്‍ പാറപ്പൊടി ഇട്ടിരിക്കുന്നത്. റോഡില്‍ നിറയെ പാറപ്പൊടി ഇട്ടതോടെ ഇരുചക്രവാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കാല്‍നടയാത്രയും ദുസ്സഹമാണ്.റോഡിന്റെ പല ഭാഗങ്ങളിലും നിര്‍മാണത്തിലെ അപാകതകള്‍ വ്യക്തമാണ്. റോഡരികിലൂടെ കെട്ടിയ കരിങ്കല്‍ കെട്ടുകള്‍ തള്ളിപ്പോയതായും കെട്ടിന് മുകളിലൂടെ നിര്‍മിച്ച കോണ്‍ക്രീറ്റ് ബെല്‍റ്റ് പല ഭാഗങ്ങളിലും വിണ്ടുകീറി പൊട്ടിയതായും നാട്ടുകാര്‍ പറയുന്നു. എം സാന്‍ഡിന് പകരം പാറപ്പൊടി ഉപയോഗിച്ചാണ് ബെല്‍റ്റ് നിര്‍മിച്ചത്. ശക്തമായ മഴയില്‍ വെള്ളം ഒലിച്ചു വന്നാല്‍ കെട്ടുപൊട്ടാന്‍ സാധ്യതയുണ്ട്. ഒരാഴ്ച കഴിഞ്ഞിട്ടും പല ഭാഗങ്ങളിലും ടാറിങ് ഉറച്ചിട്ടില്ല. കാലുകൊണ്ട് ചവിട്ടിയാല്‍ അടര്‍ന്നു പോകും.
റോഡ് പ്രവൃത്തി നടക്കുമ്പോള്‍ തന്നെ നിര്‍മാണത്തിലെ അപാകതകള്‍ അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. എഇയേയും ഓവര്‍സിയറേയും നാട്ടുകാര്‍ വിളിച്ചു വരുത്തിയിരുന്നു. എന്നിട്ടും വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് അപാകതകള്‍ക്ക് കാരണമെന്നും ആക്ഷേപമുണ്ട്. 25 ലക്ഷം രൂപയില്‍ 23.75  ലക്ഷം രൂപ കരാറുകാരനു നല്‍കി കഴിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി കെ സുധാകരനും മന്ത്രി എ കെ ബാലനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top