റോഡ് താറുമാറായി; എംഎല്‍എയുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

പീരുമേട്: തകര്‍ന്നുകിടക്കുന്ന ഏലപ്പാറ-കൊച്ചുകരിന്തരുവി-പശുപാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. പ്രതിഷേധ മാര്‍ച്ച് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം ടി തോമസ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ തയ്യാറാവണമെന്ന് യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഏലപ്പാറ-കൊച്ചുകരിന്തരുവി റോഡ് നവീകരിക്കുന്നതില്‍ മാനേജ്‌മെന്റിനെ പഴിചാരുകയല്ല വേണ്ടത്. ജനപ്രതിനിധി എന്നുള്ള നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രധാന ആരോപണം. നിരവധി തവണ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കിയെങ്കിലും യാതൊരു പ്രതികരണവും എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.
ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതെ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്ന സമീപനമാണ് ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍ സ്വീകരിക്കുന്നതെന്നാണ് എം എല്‍ എ യുടെ മറുപടി. ഏലപ്പാറയില്‍ നിന്നും ആരംഭിച്ച പ്രകടനം വില്ലേജ് ഓഫിസിനു മുന്‍പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ സിറിയക് തോമസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍ വി ബാപ്പുക്കുട്ടി, ബ്ലോക്ക് സെക്രട്ടറി ബാബു, എം സൈമണ്‍, ദളിത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറി ബിജു ഗോപാല്‍, മണ്ഡലം പ്രസിഡന്റ് പി എം ജോയി, മണ്ഡലം സെക്രട്ടറിമാരായ അജിത് ദിവാകരന്‍, ജോയി എബ്രഹാം കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top