റോഡ് തകര്‍ന്നു; മാമലക്കണ്ടത്തേക്ക് ബസ് സര്‍വീസുകള്‍ നിര്‍ത്തുന്നു

അടിമാലി: റോഡ് ഗതാഗത യോഗ്യമല്ലാതെ തകര്‍ന്നു. ബസ് സര്‍വീസ് നിര്‍ത്താന്‍ ഉടമകള്‍. ഏറണാകുളംഇടുക്കി അതിര്‍ത്തി പ്രദേശമായ മാമലക്കണ്ടത്തേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തുമെന്നാണ് ബസ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്.
ജനുവരി ഒന്നുമുതലാണ് ഈ ഭാഗത്തേക്ക് ബസ് സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തുന്നത്. ഇത് സംബന്ധിച്ച് പൊതുമാരാമത്ത് വകുപ്പിന് നോട്ടിസും നല്‍കി. കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ ആറാംമൈലില്‍ നിന്ന് മാമലക്കണ്ടത്തേക്കുള്ള 5 കിലോമീറ്റര്‍ റോഡാണ് തകര്‍ന്ന് കിടക്കുന്നത്. കുണ്ടുംകുഴിയും വന്‍ ഗര്‍ത്തങ്ങളും രൂപപ്പെട്ട് കിടക്കുന്ന ഈ പാതയിലൂടെ കോതമംഗലത്ത് നിന്നുമുള്ള ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ആറാംമൈല്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുന്നിന്നും വലിയ കയറ്റത്തിലുളള റോഡാണ് കൂടുതല്‍ തകര്‍ന്ന് കിടക്കുന്നത്. ഒരുകല്ലില്‍ നിന്ന് മറ്റോരു കല്ലിലേക്ക് ചാടിചാടിയാണ് ബസുകള്‍ ഓടുന്നത്. പോരാത്തതിന് കാലവര്‍ഷത്തില്‍ റോഡ് കുത്തിയോലിച്ച് പോവുകകൂടി ചെയ്തതോടെ ഇതുവഴിയുളള സര്‍വീസ് ദുസഹവും അപകട സാദ്ധ്യതയിലുമാണ്.
റോഡിന്റെ തകര്‍ച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതികളും നിവേദനങ്ങളും ന ല്‍കിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. 10 ലേറെ സര്‍വീസുകള്‍ ഉണ്ടായിരുന്നെങ്കിലും റോഡ് മോശാവസ്ഥയിലായതോടെ പലതും നിര്‍ത്തി. കുട്ടമ്പുഴ പഞ്ചായത്തിന്റെ ഭാഗമായ മാമലകണ്ടം ജനവാസ കേന്ദ്രം കൂടിയാണ്.
അടിമാലി പഞ്ചായത്തിലെ പഴമ്പിളിച്ചാല്‍ , കമ്പിലൈന്‍ നിവാസികളും ആദിവാസി കോളനികളായ ഇളംബ്ലാശ്ശേരി, കുറത്തികുടി കോളനിവാസികളും ഈ റോഡിനെ ആശ്രയിക്കുന്നവരാണ്. പഴംബിളിച്ചാലില്‍ നിന്ന് പടിക്കപ്പ് വഴി മറ്റൊരു പാതയുണ്ടെങ്കിലും ഈ പാതയും ഇപ്പോള്‍ തകര്‍ന്നാണ് കിടക്കുന്നത്. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ബസ് സര്‍വീസ് നിലക്കുന്നതോടെ യാത്രക്ലേശം രൂക്ഷമാവുകയും ചെയ്യും.
ഇവിടെയുളള കുട്ടികള്‍ കൂടുതലും കോതമംഗലം മേഖലയിലാണ് പഠിക്കുന്നത് ഇവരുടെ പഠനവും പ്രതിസന്ധിയിലാകും. അസുഖം വന്നാല്‍ 50 കിലോമീറ്റര്‍ അകലെയുളള കോതമംഗത്ത് എത്തണം. ബസ് സര്‍വീസ് നിലക്കുന്നതോടെ ഇത്തരം പ്രതിസന്ധികളും രൂക്ഷമാകും. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top