റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം/പരപ്പനങ്ങാടി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ റേഞ്ച് ഐജിമാര്‍ക്കും ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. നിലയ്ക്കല്‍, പമ്പ മേഖലകളില്‍ പോലിസ് പട്രോളിങ് സംഘങ്ങളെയും സ്‌ട്രൈക്കര്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. വടശ്ശേരിക്കര-നിലയ്ക്കല്‍, എരുമേലി-നിലയ്ക്കല്‍ റൂട്ടുകളില്‍ ഒരു വിഭാഗം ആളുകള്‍ ഗതാഗത തടസ്സവും വാഹന പരിശോധനയും നടത്തുന്നത് തടയുന്നതിനു വനിതാ പോലിസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെ നിയോഗിക്കും. എല്ലാ നിയമലംഘനങ്ങളും തടയാന്‍ നടപടി സ്വീകരിക്കും. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന പോലിസ് മേധാവി വ്യക്തമാക്കി.
അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടു സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണം നടത്തിയ അഭിഭാഷകയുടെ സ്‌കൂട്ടര്‍ തകര്‍ത്തതായി പരാതി. പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകയും നെടുവ സ്വദേശിനിയുമായ കൃപാലിനിയുടെ സ്‌കൂട്ടറാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്.
രാത്രി 11നു ശേഷമാണ് തകര്‍ത്തതെന്നു കരുതുന്നു. രാവിലെ പുറത്തിറങ്ങിയപ്പോഴാണ് വാഹനം തകര്‍ത്ത നിലയില്‍ കണ്ടത്.
കുറച്ചു ദിവസമായി ഈ ഭാഗത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു. സ്ത്രീപ്രവേശനം അനുകൂലിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരേ ഭീഷണിയുണ്ടായിരുന്നു. ഇതാണ് അക്രമത്തിനു കാരണമെന്നു കൃപാലിനി പറഞ്ഞു.

RELATED STORIES

Share it
Top