റോഡും കരിങ്കല്‍ ഭിത്തിയും പുനര്‍നിര്‍മിച്ചില്ല: എംഎല്‍എക്കെതിരേ വ്യാപക പ്രതിഷേധം

കെ  എം   അക്ബര്‍
ചാവക്കാട്: തീരദേശ മേഖലയില്‍ തകര്‍ന്നു കിടക്കുന്ന കരിങ്കല്‍ ഭിത്തിയും കരുവന്നൂര്‍ കുടിവെള്ള പദ്ധതിക്കായി പെപ്പിടുന്നതിന് പൊളിച്ച ദേശീയപാതയും പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കാള്ളാത്തതിനെതിരെ കെ വി അബ്ദുല്‍ കാദര്‍ എംഎല്‍എക്കെതിരേ വ്യാപക പ്രതിഷേധം.
കുടിവെള്ള പദ്ധതിക്കായി പെപ്പിടുന്നതിന് പൊളിച്ച റോഡ് തകര്‍ന്ന് തരിപ്പണമാവുകയും ഇതിലൂടെ ഗതാതഗതം ദുരിതപൂര്‍ണ്ണമാവുകയും ചെയ്തതോടെ ശക്തമായ പ്രതിഷേധം നിലനില്‍ക്കേയാണ് കരിങ്കല്‍ ഭിത്തി നിര്‍മിക്കാത്തതിനെതിരേയും എംഎല്‍എക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. രണ്ടു ദിവസമായി കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം ശക്തമായിട്ടും പഞ്ചായത്ത് അംഗം കൂടിയായ എംഎല്‍എ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ല.
ഇതും നാട്ടുകാരില്‍ പ്രതിഷേധമുളവാക്കിയിട്ടുണ്ട്. ലീഗ് പ്രതിനിധികള്‍ എംഎല്‍എമാരായിരിക്കെ കടല്‍ക്ഷോഭ സമയങ്ങളില്‍ രാഷ്്ട്രീയ മുതലെടുപ്പ് നടത്താറുള്ള സിപിഎം സ്വന്തം എംഎല്‍എയുടെ നടപടിമൂലം പ്രതിരോധത്തിലായിരിക്കുകയാണ്. കരുവന്നൂര്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിന് ദേശീയപാത പൊളിക്കുകയും പിന്നീട് അറ്റകുറ്റപ്പണി നടത്താതു മൂലം ചേറ്റുവചാവക്കാട് റോഡിലെ ഗതാഗതം താറുമാറാവുകയും ചെയ്തതോടെ മേഖലയില്‍ എംഎല്‍എക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയായിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കടല്‍ക്ഷോഭവും ശക്തമായത്. കടല്‍ക്ഷോഭത്തില്‍ കടപ്പുറം പഞ്ചായത്തില്‍ 50ലധികം വീടികളില്‍ വെള്ളം കയറുകയും ചെയ്തു.
നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി. കരിങ്കല്‍ ഭിത്തി തകര്‍ന്ന ഭാഗങ്ങളിലൂടേയായിരുന്നു വെള്ളം കരയിലേക്ക് അടിച്ചു കയറിയത്. പഞ്ചായത്തിന്റെ പലയിടങ്ങളിലും കരിങ്കല്‍ ഭിത്തി വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. മൂന്നു തവണ തുടര്‍ച്ചയായി വിജയിച്ചിട്ടും മേഖലയിലെ തകര്‍ന്നു കിടക്കുന്ന കരിങ്കല്‍ ഭിത്തി അറ്റകുറ്റപ്പണി നടത്തുന്നതിനോ ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ ഭിത്തി നിര്‍മ്മിക്കുന്നതിനോ എംഎല്‍എ നടപടിയൊന്നും സ്വീകരിച്ചില്ലാന്നാണ് നാട്ടുകാരുടെ പരാതി. വരും ദിവസങ്ങളില്‍ എംഎല്‍എക്കെതിരേ പ്രതിഷേധ സമരവുമായി രംഗത്തുവരാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top