റോഡില്‍ മെറ്റലും ടാര്‍ വീപ്പയും; ഗതാഗതം തടസ്സപ്പെട്ടു

മൂലമറ്റം: ഇലപ്പള്ളി ചെളിക്കല്‍ റോഡില്‍ മെറ്റലും ടാര്‍ വീപ്പയും ഇറക്കി ഗതാഗതം തടഞ്ഞതോടെ നാട്ടുകാര്‍ ദുരിതത്തിലായി. മൂന്നുമാസത്തിലേറെയായി മെറ്റലും വീപ്പയും റോഡില്‍ കിടക്കാന്‍ തുടങ്ങിയിട്ട്. കാലങ്ങളായി തകര്‍ന്നു കിടന്ന റോഡ് നന്നാക്കാന്‍ കരാര്‍ നല്‍കിയതോടെയാണു ചെളിക്കല്‍ വാസികള്‍ ദുരിതത്തിലായത്.
റോഡ് നിര്‍മാണത്തിനായി അറക്കുളം പഞ്ചായത്ത് ഏഴര ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ കരാര്‍ ഏറ്റെടുത്തയാള്‍ ടാറും മെറ്റലും കൊണ്ടുവന്നു റോഡിലിറക്കി ഗതാഗതം തടസ്സപ്പെടുത്തിയശേഷം മടങ്ങുകയായിരുന്നു. ഇതോടെ ഇരുചക്രവാഹനം പോലും കടന്നു പോകാത്ത സ്ഥിതിയിലാണു റോഡിപ്പോള്‍. മഴ പെയ്തു പ്രദേശം ചളിയായി കിടക്കുകയാണ്. പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ കരാറുകാരനോടു ജോലി തുടങ്ങുകയോ ഗതാഗതം പുനസ്ഥാപിക്കാന്‍ വേണ്ട നടപടി എടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കരാറുകാരന്‍ ഇവിടേക്കു ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഗതാഗതം തടസ്സപ്പെട്ടുകിടക്കുന്നതിനാല്‍ വയോധികരും രോഗികളും ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. കരാറുകാരനെകൊണ്ടു ജോലി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് അധികൃതരും തയാറാകുന്നില്ലെന്നു പരാതിയുണ്ട്.

RELATED STORIES

Share it
Top