റോഡില്‍ കുപ്പിച്ചില്ലും മാലിന്യവും തള്ളിയ അഞ്ച് പേര്‍ അറസ്റ്റില്‍

തേവലക്കര:റോഡില്‍ കുപ്പിച്ചില്ലും മാലിന്യവും തള്ളി യാത്രക്കാര്‍ക്ക് ദുരിതം വിതച്ച സംഭവത്തില്‍ അഞ്ച് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. ചവറ സൗത്ത്  വടക്കുംഭാഗം സ്വദേശികളായ  ഹരിശ്രീ വീട്ടില്‍ ശ്രീഹരി (20), ചന്ദനപ്പള്ളിയില്‍ വീട്ടില്‍ എസ് ഹരികൃഷ്ണന്‍ (20), കണ്ടേടയ്യത്ത് വീട്ടില്‍ അരുണ്‍ (20), കോതകുഴി വടക്കതില്‍ പ്രശാന്ത് (20), ചന്ദനപ്പള്ളിയില്‍ വീട്ടില്‍  കെ ഹരികൃഷ്ണന്‍ (20) എന്നിവരെയാണ് ചവറ തെക്കുംഭാഗം പോലിസ് അറസ്റ്റ് ചെയ്തത്. പുതുവല്‍സരദിനത്തില്‍ രാത്രി ഒന്നോടെയായിരുന്നു സംഭവം. അറസ്റ്റിലായ യുവാക്കള്‍ തേരുവിള മുക്കുമുതല്‍  നടയ്ക്കാവ് ജങ്ഷന്‍ വരെ ബിയര്‍, സോഡാ കുപ്പികളുടെ ചില്ലുകളും മറ്റ് മാലിന്യങ്ങളും  വ്യാപകമായി റോഡില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇതു വഴി വന്ന പല വാഹനങ്ങളുടേയും ടയറുകള്‍ പഞ്ചറായി. സംഭവം അറിഞ്ഞ് പോലിസ് എത്തി യാത്രക്കാരുമായും നാട്ടുക്കാരുമായും ചര്‍ച്ച നടത്തി. പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് ചവറയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വെള്ളം ഉപയോഗിച്ച് റോഡില്‍ കിടന്നിരുന്ന കുപ്പിച്ചില്ലുകള്‍ റോഡരികിലേയ്ക്ക് മാറ്റുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ചവറ തെക്കുംഭാഗം എസ്‌ഐ ആര്‍ രാജീവ്, ഗ്രേഡ് എസ്‌ഐ  ലത്തീഫ് എന്നിവരങ്ങിയ സംഘം വടക്കുംഭാഗം, മുട്ടം എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് അഞ്ച് യുവാക്കളും അറസ്റ്റിലായത്.

RELATED STORIES

Share it
Top