റോഡിലെ കുഴികള്‍ ബസ് ജീവനക്കാര്‍തന്നെ നികത്തി

ചെര്‍പ്പുളശ്ശേരി: കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ യാത്ര ദുരിതപൂര്‍ണമായതോടെ ചെര്‍പ്പുളശ്ശേരിയില്‍ അറ്റകുറ്റപ്പണിയുമായി ബസ് ജീവനക്കാര്‍ തന്നെ രംഗത്ത്. മഴയില്‍ റോഡ് പാടെ തകര്‍ന്ന ചെര്‍പ്പുളശ്ശേരി-പട്ടാമ്പി റൂട്ടിലെ മീത്തിപ്പറമ്പ്, മഞ്ചക്കല്‍, ടൗണ്‍ ഭാഗങ്ങളിലാണ് ക്വാറി വേസ്റ്റിട്ട് ജെസിബി ഉപയോഗിച്ച് കുഴികള്‍ നികത്തിയത്. യാത്ര ചെയ്യാനാവാത്ത വിധം ഈ ഭാഗത്ത് റോഡ് തകര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
റോഡ് താല്‍ക്കാലികമായെങ്കിലും അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാരും ബസ് ജീവനക്കാരും അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹാരമായില്ല. ഈ സാഹചര്യത്തിലാണ് സഹികെട്ട് കേരളാ ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ രംഗത്തിറങ്ങിയത്. അമ്പതിനായിരത്തോളം രൂപ ചെലവഴിച്ചാണ് ഇവര്‍ ക്വാറി വേസ്റ്റിട്ട് കുഴികള്‍ മൂടിയത്.
റോഡിന്റെ തകര്‍ച്ച കാരണം സമയനഷ്ടവും ഇന്ധനനഷ്ടവും, യന്ത്രതകരാറും പതിവായതോടെയാണ് കയ്യില്‍ നിന്ന് പണമെടുത്ത് ഇവര്‍ അറ്റകുറ്റപ്പണിക്കിറങ്ങിയത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നും വല്ലപ്പുഴ വരെയുള്ള എട്ട് കിലോമീറ്റര്‍ വാഹനയാത്ര ദുരിതപൂര്‍ണമാണ് ഇപ്പോള്‍.
പല ഭാഗത്തും കഴികളും വെള്ളക്കെട്ടും രൂപപ്പെട്ട്  റോഡ് തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്.
ഗതാഗതക്കുരുക്കും കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍ പ്പെടുന്നതും പതിവാണ്. മീത്തിപ്പറമ്പ് ഭാഗത്ത് റോഡിലേക്ക് മണ്ണും ചളിയും ഒലിച്ചിറങ്ങി കാല്‍നടയാത്രക്കു പോലും കഴിയാത്ത സ്ഥിതിയാണ്.

RELATED STORIES

Share it
Top