റോഡിലെ കിടങ്ങ് മണ്ണിട്ടു മൂടി ഗതാഗതം പുനരാരംഭിച്ചു

പൊന്നാനി: പൊന്നാനി ചന്തപ്പടിയില്‍ മുന്നറിയിപ്പില്ലാതെ റോഡില്‍ കിടങ്ങ് തീര്‍ത്ത സംഭവത്തില്‍  നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു കിടങ്ങ് മണ്ണിട്ട് മൂടി ഗതാഗതം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണു ദേശീയ പാത അധികൃതര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊന്നാനി ചന്തപ്പടി ഭാഗത്ത് റോഡ് കുത്തിപ്പൊളിച്ച് കിടങ്ങ് തീര്‍ത്തത്.
മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചിട്ടതിനെത്തുടര്‍ന്നു നിരവധി വാഹനങ്ങള്‍ കുഴിയില്‍ വീണു യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണു കിടങ്ങില്‍ മണ്ണിട്ടു നികത്തി ഗതാഗതം പുനരാരംഭിച്ചത്. കോണ്‍ട്രാക്റ്റുകാരന്റെ അനാസ്ഥയെത്തുടര്‍ന്നാണ് അപകട പരമ്പരകള്‍ക്കിടയാക്കുന്ന തരത്തില്‍ കിടങ്ങ് തീര്‍ത്തതെന്നാണ് ആക്ഷേപം.പരീക്ഷ സമയം കഴിഞ്ഞാല്‍ മുന്‍കൂട്ടി വിവരമറിയിച്ചു കല്‍വെര്‍ട്ട് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണു തീരുമാനം.
കൂടാതെ കുഴിയില്‍ വീണു പരിക്കേറ്റവര്‍ക്കു കോണ്‍ട്രാക്ടര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു. പൊന്നാനിചന്തപ്പടി ശാദി മഹല്‍ ഓഡിറ്റോറിയത്തിനു മുന്നിലാണു റോഡിലെ കല്‍വര്‍ട്ട് പുനര്‍നിര്‍മ്മിക്കുന്നതിനായി റോഡ് പൊളിച്ചിട്ടത്.
ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നു പോവുന്ന റോഡ് പൊളിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും കൈ കൊള്ളാതെയാണു റോഡ് പൊളിച്ചിട്ട് കിടങ്ങ് തീര്‍ത്തത്.
ദേശീയ പാതയില്‍ വാഹന ഗതാഗതം നിരോധിച്ചു കൊണ്ടുള്ള പത്ര അറിയിപ്പുകള്‍ ന ല്‍കുകയോ, മുന്നറിയിപ്പ് ബോ ര്‍ഡുകള്‍ സ്ഥാപിക്കുകയോ, നഗരസഭയില്‍ വിവരമറിയിക്കുകയോ ചെയ്യാതെയാണ് ദേശീയപാത വിഭാഗം റോഡ് കുത്തിപ്പൊളിച്ചിട്ടത്.
ഇതു മൂലം രാത്രിയില്‍ ഇതു വഴി കടന്നു പോകുന്ന വാഹനങ്ങളില്‍ ചിലത് നടുറോഡിലെ കിടങ്ങിലേക്ക് മറിഞ്ഞാണ് വാഹന യാത്രികര്‍ക്കു പരിക്കേറ്റത്.

RELATED STORIES

Share it
Top