റോഡരികില്‍ കൈയേറ്റം വ്യാപകം; പാര്‍ക്കിങ് നടപ്പാതയിലും

ആലത്തൂര്‍: നഗരത്തിലെ മെയിന്‍ റോഡിലും കോര്‍ട്ട് റോഡിലും നടപ്പാതയില്‍ കൈയേറ്റം വ്യാപകം. നടപ്പാതയില്‍ ബൈക്ക് പാര്‍ക്കിങ്ങും നിത്യകാഴ്ചയായി. ഇതോടെ കാല്‍ നടയാത്രക്കാര്‍ പെരുവഴിയിലുമായി. നടപ്പാതയില്‍ ബൈക്കുകള്‍ നിര്‍ത്തുന്നത് വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുകയാണ്. നടപ്പാതയിലുട നീളം വ്യാപാര സ്ഥാപനങ്ങളുടെ ഫഌക്‌സ് ബോര്‍ഡുകളോ കച്ചവട സാധനങ്ങളോ ഇറക്കിവെച്ചിരിക്കുകയാണ്. ചില വ്യാപാര സ്ഥാപനങ്ങള്‍ നടപ്പാതയില്‍ വരെ ടൈല്‍ വിരിച്ച് തങ്ങളുടേതാക്കിയിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഷോറൂമായാലും ചില കച്ചവടക്കാര്‍ക്ക് നടപ്പാതയില്‍ സാധനങ്ങള്‍ ഇറക്കി വെച്ചാലേ തൃപ്തിയാകൂ എന്ന നിലയാണ്. കാല്‍നടയാത്രക്കാര്‍ നടപ്പാതയില്‍ നിന്നിറങ്ങി റോഡിലൂടെ വേണം നടക്കാന്‍. മാത്രമല്ല കടയ്ക്കു മുമ്പില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ഇരുമ്പു കൊണ്ടുള്ള കവചങ്ങള്‍ റോഡിലേക്ക് ഇറക്കിവെച്ച വ്യാപാരികളുമുണ്ട്. നടപ്പാതയായി കാല്‍നടയാത്രക്കാര്‍ക്ക് ഉപയോഗിക്കേണ്ട രീതിയിലല്ലാത്ത ഉയര്‍ച്ച താഴ്ച്ചകളും സ്ലാബുകള്‍ ചിലയിടങ്ങളില്‍ ഇല്ലാത്തതും ഭീഷണിയാണ്.ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിനു മുന്നിലെ ബസ് സ്‌റ്റോപ്പും പെട്ടി ഓട്ടോ സ്റ്റാന്റും തട്ടുകടകളും നടപ്പാതയ്ക്കു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ മുതല്‍ പവിഴം കോര്‍ണര്‍ വരെയുള്ള കോര്‍ട്ട് റോഡും കിണ്ടിമുക്ക് മുതല്‍ മലമല്‍മൊക്ക് വരെയും മെയിന്‍ റോഡും പൊതുമരാമത്ത് വകുപ്പും റവന്യൂ വകുപ്പും അളന്ന് തിട്ടപ്പെടുത്തിയാലേ കൈയേറ്റം ഒഴിപ്പിക്കാനാവൂ.

RELATED STORIES

Share it
Top