റോഡപകടത്തില്‍പെടുന്നവര്‍ക്ക് ശുശ്രൂഷ: പരിശീലനം നല്‍കും- മന്ത്രി

കോഴിക്കോട്: റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നതിനായി മോട്ടോര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍വകുപ്പ് പരിശീലനം നല്‍കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കേണ്ടതിനെ കുറിച്ചും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോ ര്‍ഡിന്റെ ജില്ലയിലെ ആനുകൂല്യ വിതരണമേളയും ബോധവല്‍ക്കരണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വവും മാന്യമായവേതനവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി എല്ലാമേഖലയിലുള്ള തൊഴിലാളികളേയുംക്ഷേമനിധിബോര്‍ഡില്‍ കൊണ്ടുവരാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ക്ഷേമനിധിയുടെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കണം. സമാനസ്വഭാവമുള്ള ക്ഷേമനിധി ബോര്‍ഡുകളെ സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളും സര്‍ക്കാറിന്റെ പരിഗണനയിലാണ്. എല്ലാ തൊഴില്‍മേഖലയിലും തൊഴില്‍ സാധ്യത പരിശോധിച്ചു കുറഞ്ഞവേതനം 600 രൂപയാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 1,03,31,000 രൂപയാണ് ക്ഷേമനിധി ആനുകൂല്യമായി വിതരണം ചെയ്തത്. ചടങ്ങില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ വിതരണം എ പ്രദീപ്കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. റീഫണ്ട് വിതരണം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ രഞ്ജിത്ത് പി മനോഹര്‍ നിര്‍വഹിച്ചു. ചികില്‍സാ സഹായ വിതരണം ജില്ലാ ലേബര്‍ ഓഫിസര്‍ പി പി സന്തോഷ് നിര്‍വഹിച്ചു. ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ എം എസ് സ്‌കറിയ, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജെ അനിത, മുന്‍ബോര്‍ഡ് ചെയര്‍മാന്‍ ഇ നാരായണന്‍ നായര്‍ സംസാരിച്ചു.

RELATED STORIES

Share it
Top