റോജര്‍ ഫെഡറര്‍ ഫൈനലില്‍
കാലഫോര്‍ണിയ: തന്റെ ആറാം ഇന്ത്യന്‍ വെല്‍സ് കിരീടം സ്വന്തമാക്കാന്‍ റോജര്‍ ഫെഡററിന് ഇനി ഒരു മല്‍സരം കൂടി ബാക്കി. ഇന്ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍  അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയെ പരാജയപ്പെടുത്തിയാല്‍ ഫെഡററിന് തന്റെ കിരീടം നിലനിര്‍ത്താം.ഇന്നലെ നടന്ന സെമി ഫൈനലില്‍ ലോക 49ാം നമ്പര്‍ ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിച്ചിന്റെ മിന്നും പ്രകടനത്തെ കളിക്കരുത്ത് കൊണ്ട് നേരിട്ട് എതിരാളിയെ രണ്ട് മണിക്കൂര്‍ 21 മിനിറ്റിനുള്ളില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. സ്‌കോര്‍ 5-7,6-4,6-4. ആദ്യ സെറ്റില്‍ 5-5 വരെ  ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അതിന് ശേഷം ഫെഡററെ കാഴ്ചക്കാരനാക്കി കോറിച് കോര്‍ട്ടില്‍ വാണപ്പോള്‍ 7-5ന് ആദ്യ സെറ്റ് പിടിച്ചു. എന്നാല്‍ രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ 0-2നും ശേഷം 2-4നും പിന്നില്‍ നിന്ന ഫെഡറര്‍ പിന്നീട് റാക്കറ്റിനെ പോരാട്ടത്തിന്റെ ആയുധമാക്കിയപ്പോള്‍ പിന്നീടുള്ള തുടര്‍ച്ചയായ ബ്രേക്ക് പോയിന്റുകള്‍ സ്വന്തം അക്കൗണ്ടിലാക്കി മുന്നേറി. ആ സെറ്റില്‍ എതിരാളിയെ നിസ്സഹായനാക്കിയ ഫെഡറര്‍  തകര്‍പ്പന്‍ തിരിച്ചു വരവിലൂടെ കളി പിടിക്കുകയായിരുന്നു. മറ്റൊരു പുരുഷ സെമി ഫൈനലില്‍ ലോക 38ാം നമ്പര്‍ താരം കാനഡയുടെ മിലോസ് റാവോണിക്കിനെ അനായാസം നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക എട്ടാം നമ്പര്‍ താരമായ ഡെല്‍പൊട്രോ ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍ 6-2,6-3.

RELATED STORIES

Share it
Top