റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അഴിമതി നടത്തിയെന്ന പരാതി, പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവ്

തൃശൂര്‍: വ്യാജ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അഴിമതി നടത്തിയെന്ന പരാതിയില്‍ ദ്രോണാചാര്യ ജേതാവ് സണ്ണി തോമസ് അടക്കം റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവ്. ജൂണ്‍ 6നകം വിജിലന്‍സ് ഡിവൈഎസ്പിയോട് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.
റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റനീഷ് ഡാനിേയല്‍ നല്‍കിയ പരാതിയിലാണ് നടപടി. റൈഫിള്‍ അസോസിയേഷന്‍ മുന്‍ ട്രഷറര്‍ ജോണ്‍ റാേഫല്‍, സെക്രട്ടറി വി സി ജയിംസ്, മുന്‍ വൈസ് പ്രസിഡന്റ് ദേവസ്യ കുര്യന്‍, മുന്‍ സെക്രട്ടറി ജോ ഐ മങ്കളി, മുന്‍ വൈസ് പ്രസിഡന്റ് സണ്ണി തോമസ്, ബൈലോ കമ്മിറ്റി ചെയര്‍മാന്‍ ജോസ് ജോസഫ് എന്നിവര്‍ക്കെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.
2015ല്‍ കൊല്ലം റൈഫിള്‍ അസോസിയേഷന്‍ പ്രതിനിധിയായ അഡ്വ. ടി സജു ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഐജിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം നടക്കുകയും നാലു ജില്ലകളിലെ റൈഫിള്‍ അസോസിയേഷനുകളില്‍ റെയ്ഡുകള്‍ നടത്തുകയും നിയമവിരുദ്ധമായ പ്രവൃത്തികള്‍ കണ്ടെത്തുകയും ചെയ്തു. അഴിമതിക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനു കൊല്ലം ജില്ലാ റൈഫിള്‍ അസോസിയേഷന്‍ കത്തയച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ മാതൃകയില്‍ കേരളത്തിലും അഴിമതി നടന്നുവെന്നു പരാതിയില്‍ പറയുന്നു.
വ്യാജ നിയമാവലി അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചാണ് ഷൂട്ടിങ് അസോസിയേഷന്‍ 2008ല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അഫിലിയേഷന്‍ നേടിയെടുത്തതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചും സ്വാധീനിച്ചുമാണ് അഫിലിയേഷന്‍ നേടിയെടുത്തതെന്നും പരാതിയില്‍ ആരോപിക്കുന്നു.
2008 മുതല്‍ 2016 വരെയുള്ള കാലയളവില്‍ അസോസിയേഷന്റെ സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റിങിനു വിധേയമായിട്ടില്ല. ആരോപണവിധേയരായവര്‍ കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു. ദേശീയ ഗെയിംസിനായി തിരുവനന്തപുരത്തും തൃശൂരിലും നിര്‍മിച്ച ഷൂട്ടിങ് റേഞ്ചുകള്‍ക്കു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഷൂട്ടിങ് ഒഴിവാക്കിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പുതിയ കായിക പട്ടിക ഇറക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

RELATED STORIES

Share it
Top