റേഷന്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും

കോഴിക്കോട്: റേഷന്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാനവ്യാപകമായി നാളെ കടകളടച്ച് ഹര്‍ത്താലാചരിക്കുമെന്ന് ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. സാമ്പത്തികബാധ്യത മൂലം കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ റേഷ്യന്‍ വ്യാപാരി രമണനാണ് ആത്മഹത്യ ചെയ്തത്.
പല വ്യാപാരികളും ബാങ്കില്‍ നിന്നും കടമെടുത്ത് ജപ്തി നോട്ടീസിന്റെ വക്കിലായ സാഹചര്യം നിലനില്‍ക്കുന്നു. സംസ്ഥാനത്ത് വാതില്‍പ്പടി വിതരണം തുടങ്ങി എട്ട് മാസം കഴിഞ്ഞിട്ടും റേഷന്‍ വ്യാപാരികള്‍ക്ക് തൂക്കം ഉറപ്പുവരുത്തി റേഷന്‍കടകളില്‍ സാധനങ്ങള്‍ എത്തിച്ചുതരുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. ഇതുമൂലം ഭീമമായ നഷ്ടം സഹിച്ചാണ് റേഷന്‍ വ്യാപാരികള്‍ കട നടത്തുന്നത്. കരുനാഗപ്പള്ളി താലൂക്കില്‍ രണ്ടു മാസമായി ഇ-പോസ് മെഷീന്‍ സ്ഥാപിച്ച് റേഷന്‍ വിതരണം തുടങ്ങിയെങ്കിലും ഇതുവരെ വേതന പാക്കേജിന്റെ കാര്യത്തിലോ തൂക്ക കൃത്യതയുടെ കാര്യത്തിലോ ഒരു തീരുമാനവുമുണ്ടായിട്ടില്ല. മാര്‍ച്ച് ഒന്നു മുതല്‍ അവിടെ റേഷന്‍ വ്യാപാരികള്‍ നിസ്സഹകരണ സ്റ്റോക്ക് ബഹിഷ്‌കരണസമരത്തിലാണ്. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല നിലപാടോ ചര്‍ച്ചയോ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജോ തൂക്ക കൃത്യതയോ ഉറപ്പുവരുത്താന്‍ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടില്ല. നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ ഒരു പരിഹാരവുമുണ്ടായിട്ടില്ലെന്ന് അസോസിയേഷന്‍ പറഞ്ഞു.
വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാളെ റേഷന്‍ വ്യാപാരികള്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന ഹര്‍ത്താല്‍ ജില്ലയിലും വിജയിപ്പിക്കാന്‍ സംഘടനയുടെ ഓഫിസില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഇ ശ്രീജന്‍, പി മനോജ്, ടി എം അശോകന്‍, പി അരവിന്ദന്‍, എം എ നസീര്‍, പി ജയപ്രകാശന്‍, എം പി സുനില്‍കുമാര്‍, പി എ റഷീദ്, സി ഇ ഫസല്‍ സംസാരിച്ചു.

RELATED STORIES

Share it
Top