റേഷന്‍ വിതരണത്തിലെ തടസ്സം നീങ്ങുന്നു

ടി പി ജലാല്‍
മലപ്പുറം: ജില്ലയിലെ റേഷന്‍ കടകളില്‍ ഇ-പോസ് (ഇലക്ട്രോണിക്- പോയിന്റ് ഓഫ് സെയില്‍) സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ റേഷന്‍ വിതരണ തടസ്സം നീങ്ങുന്നു. മെഷീന്‍ സ്ഥാപിച്ചതോടെ ജില്ലയിലെ റേഷന്‍ വിതരണത്തിന് തടസ്സം നേരിട്ടിരുന്നു. ആ തടസ്സത്തിന് നേരിയ മാറ്റം വന്നിട്ടുണ്ടെന്നാണ് ജില്ലാ അധികാരികള്‍ പറയുന്നത്.
പുതിയ സംവിധാനം കൊണ്ടുവരുമ്പോഴുള്ള പ്രയാസത്തിനപ്പുറം മറ്റൊന്നുമുണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 24 മുതലാണ് ആദ്യമായി ഇ-പോസ് മെഷീനുകള്‍ ജില്ലയില്‍ വിതരണം നടത്തിയത്. ഏറനാട് താലൂക്കിലെ മലപ്പുറം ഫര്‍ക്കയില്‍ 42 മെഷീനുകള്‍ ആദ്യമായി സ്ഥാപിച്ചു. തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ ഇ-പോസിലൂടെ റേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്തു. ഈ മാസത്തോടെ ബാക്കിയുള്ള 1202 റേഷന്‍ കടകളിലും മെഷീന്‍ എത്തിക്കഴിഞ്ഞു. ഈ കടകളിലും റേഷന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. മെയ് മാസം അവസാനത്തോടെ ജില്ല പൂര്‍ണമായ ഇ-പോസിലേക്ക് മാറുമെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, സാധനസാമഗ്രികളുടെ വിതരണം ഇതുവരേയും പൂര്‍ണമല്ല. പുതിയ സംവിധാനം വന്നതോടെ റേഷന്‍ കടകളില്‍ നിലവിലുള്ള സ്റ്റോക്കും പുറമെ ബാക്കി വരുന്ന സ്റ്റോക്കും കംപ്യൂട്ടറിലേക്ക് മാറ്റാന്‍ സമയമെടുക്കുന്നുണ്ട്. അതു കൊണ്ടു തന്നെ താലൂക്കടിസ്ഥാനത്തില്‍ ദിവസവും രണ്ട് പഞ്ചായത്തുകള്‍ വീതമാണ് അധികൃതര്‍ ഭക്ഷ്യധാന്യങ്ങള്‍ കടകളിലെത്തിക്കുന്നത്.
ഇതിനും ഒരു മാസത്തിനുള്ളില്‍ പൂര്‍ണത കൈവരും. നേരത്തെ  മെഷീനില്‍ വിരല്‍ പതിക്കുമ്പോള്‍ സ്‌ക്രീനില്‍ തെളിയാതിരിക്കുക, ഇന്റര്‍നെറ്റ് പരിധി ലഭിക്കാതിരിക്കുക തുടങ്ങിയ തകരാറുകളും പരിഹാരമായിട്ടുണ്ട്. ഇതിനായി എല്ലാ താലൂക്കുകളിലും ടെക്‌നീഷ്യന്മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഷീനിന്റെ പ്രവര്‍ത്തനം പഠിക്കാന്‍ ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കടക്കാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. കേരളത്തില്‍ കഴിഞ്ഞ ജനുവരി മുതലാണ് ഇ-പോസ് വിതരണം ആരംഭിച്ചത്. രണ്ട് സിമ്മുകളാണ് മെഷീനില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

RELATED STORIES

Share it
Top