റേഷന്‍ വിതരണത്തിലെ ചോര്‍ച്ച പൂര്‍ണമായും ഒഴിവാകും

പത്തനംതിട്ട: റേഷന്‍ വിതരണം കുറ്റമറ്റ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഇ പോസ് സംവിധാനത്തിന് ജില്ലയില്‍ തുടക്കമായി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസിന്റെ പരിധിയിലുള്ള 40 റേഷന്‍ കടകളിലാണ് ആദ്യഘട്ടമായി ഇ പോസ് സംവിധാനം നിലവില്‍ വന്നത്.
റേഷന്‍ കടകളില്‍ ഇപോസ് മെഷീനുകള്‍ നിലവില്‍ വരുന്നതോടെ സാധനങ്ങള്‍ ലഭിക്കുന്നതിന് കാര്‍ഡ് ഉടമയോ, കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ റേഷന്‍ കടയിലെത്തി ബയോ മെട്രിക് സംവിധാനത്തില്‍ വിരല്‍ പതിക്കണം. ഇപോസ് മെഷീനുകളില്‍ ബില്ല് നല്‍കുന്നതിനുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. റേഷന്‍ കടകളില്‍ നേരിട്ട് എത്താന്‍ കഴിയാത്ത ശയ്യാവലംബരായ കാര്‍ഡ് ഉടമകള്‍ക്ക്  താലൂക്ക് സപ്ലൈ ഓഫീസറുടെ അനുമതിയോടെ റേഷന്‍ കൈപ്പറ്റുന്നതിന് ഒരു പകരക്കാരനെ ചുമതലപ്പെടുത്താവുന്നതാണ്.  ഇതിനുള്ള അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലാണ് നല്‍കേണ്ടത്. ശയ്യാവലംബരുടെ കാര്‍ഡുകളില്‍ റേഷന്‍ കടകളില്‍ എത്തുവാന്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ പകരക്കാരനെ ചുമതലപ്പെടുത്താന്‍ കഴിയില്ല.
ഇപോസ് സംവിധാനം നിലവില്‍ വരുന്നതോടെ റേഷന്‍ വിതരണത്തിലെ ചോര്‍ച്ച പൂര്‍ണമായും ഒഴിവാകും. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും കൃത്യമായ അളവിലും വിലയിലും സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാരിന് ഉറപ്പുവരുത്താന്‍ കഴിയും. ഒരു തരത്തിലുള്ള കൃത്രിമങ്ങളും നടത്താന്‍ കഴിയാത്ത സംവിധാനം എന്ന നിലയില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും പുതിയ സംവിധാനം.
വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിവരം റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തുന്ന രീതി ഇപോസ് സംവിധാനം നിലവില്‍ വരുന്നതോടെ ഇല്ലാതാകും. ഓണ്‍ലൈനായി ഓരോ ഉപഭോക്താക്കളും വാങ്ങിയിട്ടുള്ള സാധനങ്ങളുടെ വിവരങ്ങള്‍ കൃത്യമായി അറിയാന്‍ കഴിയും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
ഏപ്രില്‍ മാസത്തോടെ ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഇപോസ് സംവിധാനം നിലവില്‍ വരും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ ജി പ്രസന്നകുമാരി ഇ പോസ് മെഷിനുകളുടെ ജില്ലയിലെ വിതരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ സുരേഷ് കുമാര്‍, വിനോദ് കുമാര്‍ പങ്കെടുത്തു. റേഷന്‍ വ്യാപാരികള്‍ക്ക് ഇപോസ് മെഷീന്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് പരിശീലനവും ഇതോടനുബന്ധിച്ച് നടന്നു.

RELATED STORIES

Share it
Top