റേഷന്‍ വിതരണം; പരാതി അറിയിക്കാന്‍ 24 മണിക്കൂറും സംവിധാനം

തിരുവനന്തപുരം: റേഷന്‍ വിതരണം സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതി അറിയിക്കാന്‍ ഇനി 24 മണിക്കൂറും സംവിധാനം. പരാതി അറിയിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക നമ്പര്‍ നല്‍കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ സെക്രട്ടേറിയറ്റിലെ മീഡിയാ റൂമില്‍ നിര്‍വഹിച്ചു.
റേഷന്‍ സംബന്ധമായ പരാതികള്‍ ടെലിഫോണില്‍ ലഭ്യമായാല്‍ മൂന്നു ദിവസത്തിനുള്ളില്‍ പരിഹാരം കാണാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കും. പരാതികള്‍ ലഭിച്ചാല്‍ ആയത് രേഖപ്പെടുത്തിവയ്ക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സമയബന്ധിതമായ നടപടിക്രമങ്ങള്‍ രൂപീകരിക്കും. ഔദ്യോഗിക ഫോണ്‍ ഓഫ് ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതുസംബന്ധിച്ച് പ്രത്യേകമായി സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കാന്‍ ഉണ്ടായിരുന്ന ഫീസ് എടുത്തുകളഞ്ഞു. നാലു വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചു. ലക്ഷത്തിലധികം പുതിയ അപേക്ഷകള്‍ സ്വീകരിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അല്ലാതെയും ജനങ്ങള്‍ക്ക് റേഷന്‍ സംബന്ധമായ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സംവിധാനം തയ്യാറായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.   അന്ത്യോദയ വിഭാഗങ്ങള്‍ക്ക് റേഷന്‍ പഞ്ചസാര ഓണം മുതല്‍ പ്രതിമാസം ഒരുകിലോ വീതം ലഭ്യമായിത്തുടങ്ങും. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ സോഷ്യല്‍ ഓഡിറ്റിങ് നടപടികള്‍ ആരംഭിച്ചു.
പൈലറ്റ് പദ്ധതി ഉദ്ഘാടനം 25ന് തിരുവനന്തപുരം രാജാജി നഗറില്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് മാര്‍ഗരേഖ തയ്യാറായി. ഇതിന്റെ പ്രകാശനം ആഗസ്ത് എട്ടിന് മുഖ്യമന്ത്രി നിര്‍വഹിക്കും. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തുവെ ന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top