റേഷന്‍ കാര്‍ഡ്:25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനക്കാരെ ഒഴിവാക്കും

തിരുവനന്തപുരം: പൊതുവിഭാഗം നോണ്‍ സബ്‌സിഡി (വെള്ള) റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍, ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍ തുടങ്ങിയവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
50,000 രൂപവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ മാത്രമേ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുകയുള്ളൂ എന്ന വിധത്തില്‍ വന്ന പത്രവാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും  ഇങ്ങനെ ഒരു നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്നും ഡയറക്ടര്‍ പറഞ്ഞു. പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ മാത്രമാണ് മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നത്.
സംസ്ഥാനത്ത് ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനാണ് എംപി/എംഎല്‍എ/പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ജനബാഹുല്യം മുന്‍കൂട്ടിക്കണ്ട് പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാവാതിരിക്കാന്‍ നിശ്ചിത ദിവസങ്ങളില്‍ പഞ്ചായത്തുകള്‍ തിരിച്ച് അപേക്ഷകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top