റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ മുഖേന: മന്ത്രി

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓണ്‍ലൈനില്‍ സമര്‍പ്പിക്കാവുന്ന റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം ഈ മാസം അവസാനത്തോടെ എല്ലാ ജില്ലകളിലും നടപ്പാവുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
നിലവില്‍ തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിങ് ഓഫിസിലും ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫിസിലും ഇതു നടപ്പാക്കി. ഈ സംവിധാനമുപയോഗിച്ച് റേഷന്‍കാര്‍ഡ് സംബന്ധിച്ച ഏത് ആവശ്യത്തിനും ബന്ധപ്പെട്ട ഓഫിസുകളില്‍ കയറിയിറങ്ങാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്ന റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം ആദ്യ ലോഗിന്‍ ചെയ്യലും എന്റെ റേഷന്‍ കാര്‍ഡ് മൊബൈല്‍ ആപ്പിന്റെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സുതാര്യമായ പൊതുവിതരണ സംവിധാനം ഉറപ്പാക്കാനും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ അനായാസം ലഭ്യമാക്കാനും പൊതുവിതരണ വകുപ്പിനെ ആധുനീകരിച്ചു വരുകയാണ്. വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ civilsuppli eskerala.gov.in ലൂടെ താലൂക്ക് സപ്ലൈ ഓഫിസുകള്‍ വഴിയും അക്ഷയ സെന്ററുകള്‍ വഴിയും വ്യക്തികള്‍ക്കു നേരിട്ടും റേഷന്‍ കാര്‍ഡ് മാനേജ്—മെന്റ് സംവിധാനത്തില്‍ പ്രവേശിക്കാം.
അപേക്ഷകള്‍ സംബന്ധിച്ച മറ്റു നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം ബന്ധപ്പെട്ട ഓഫിസില്‍ നിന്ന് അപേക്ഷകര്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. അതനുസരിച്ച് റേഷന്‍ കാര്‍ഡ് കൈപ്പറ്റിയാല്‍ മതി. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ 50 രൂപയും മറ്റു സേവനങ്ങള്‍ക്ക് 35 രൂപയുമാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് എന്റെ റേഷന്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ചടങ്ങില്‍ അക്ഷയ സെന്ററുകള്‍ക്കുള്ള യൂസര്‍നെയിമും പാസ്‌വേഡും ഐടി സെക്രട്ടറി എം ശിവശങ്കരനു നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
ആദ്യമായി ഓണ്‍ലൈന്‍ മുഖേന റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്—സ് ഓഫിസര്‍ കെ മോഹന്‍ദാസിന് മന്ത്രി റേഷന്‍ കാര്‍ഡ് കൈമാറി. സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top