റേഷന്‍ കാര്‍ഡ് വിതരണം നാളെ മുതല്‍കണ്ണൂര്‍: റേഷന്‍കാര്‍ഡ് വിതരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീങ്ങി. കണ്ണൂര്‍ താലൂക്കിലെ പുതിയ റേഷന്‍ കാര്‍ഡുക ള്‍ നാളെ മുതല്‍ വിതരണം ആരംഭിക്കും. നാളെ എആര്‍ഡി 267-ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മൂന്നിന് എആര്‍ഡി 282-കാടാങ്കോട് റേഷന്‍ കടയ്ക്ക് സമീപവും എആര്‍ഡി-175 പാപ്പിനിശ്ശേരി വെല്‍ഫെയര്‍ സ്‌കൂളിലും എആര്‍ഡി 68-കാപ്പാട് കൃഷ്ണവിലാസം യുപി സ്‌കൂളിലും രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെയാണ് വിതരണം. പുതിയ റേഷന്‍കാര്‍ഡ് വാങ്ങാന്‍ കാര്‍ഡുടമ പഴയ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാവണം. കാര്‍ഡുടമക്ക് നേരിട്ടെത്താന്‍ സാധിക്കാത്ത പക്ഷം ഉടമയുടെ സമ്മതപത്രം വാങ്ങി കാര്‍ഡിലെ മറ്റൊരംഗം തിരിച്ചറിയല്‍ രേഖയുമായി ഹാജരാവണം. മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്ക് 50 രൂപയും മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 100 രൂപയുമാണ് വില. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗത്തിന് റേഷന്‍കാര്‍ഡ് സൗജന്യമാണ്. പുതിയ കാര്‍ഡില്‍ തെറ്റുകളുണ്ടെങ്കില്‍ ഇതുസംബന്ധിച്ച അപേക്ഷകള്‍ ജൂലൈ മുതല്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ നല്‍കി പരിഹരിക്കാം. റേഷന്‍ സാധനങ്ങള്‍ ആവശ്യമില്ലെങ്കില്‍ കാര്‍ഡ് വിതരണം ചെയ്യുന്ന കൗണ്ടറില്‍നിന്ന് നിര്‍ദിഷ്ട അപേക്ഷാഫോറം വാങ്ങി കൗണ്ടറില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാം. അതേസമയം, കാര്‍ഡ് വിതരണവുമായി സഹകരിക്കേണ്ടതില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ തീരുമാനം. വാതില്‍പടി സാധനങ്ങള്‍ കൃത്യമായി എത്തിക്കുക, ഇന്‍സെന്റീവ് ആനുകൂല്യങ്ങള്‍ അനുവദിക്കുക, കമ്മീഷന്‍ വ്യവസ്ഥയിലുള്ള ഏഴു മാസത്തെ കുടിശ്ശിക തീര്‍ക്കുക എന്നിവയാണ് വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍. എന്നാല്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാര്‍ഡുകള്‍ എത്തിത്തുടങ്ങിയത്. എഐവൈ വിഭാഗത്തിന് മഞ്ഞ, മുന്‍ഗണനാ വിഭാഗത്തിന് പിങ്ക്, സംസ്ഥാന സബ്‌സിഡി ലഭിക്കുന്നവര്‍ക്ക് നീല, സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് വെള്ള എന്നിങ്ങനെയാണ് കാര്‍ഡുകളുടെ നിറം.

RELATED STORIES

Share it
Top