റേഷന്‍ കാര്‍ഡ് പുതുക്കാന്‍ വന്‍ തിരക്ക് ; അപേക്ഷാ തിയ്യതി നീട്ടണമെന്ന ആവശ്യം ശക്തം

പൊന്നാനി: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനും, അംഗങ്ങളെചേര്‍ക്കുന്നതിനുമുള്ള അപേക്ഷകള്‍ നല്‍കാന്‍ സപ്ലൈ ഓഫിസുകള്‍ക്ക് മുമ്പില്‍ വന്‍ തിരക്ക്. തിരക്ക്  പരിഗണിച്ച് അപേക്ഷ നല്‍കാനുള്ള ദിവസം നീട്ടണമെന്ന ആവശ്യം ശക്തം. പഴയ റേഷന്‍ കാര്‍ഡുകള്‍ പുതുക്കുകയും, റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനും വേണ്ടിയുള്ള അപേക്ഷകളാണ് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ സ്വീകരിക്കുന്നത്. ഒരാഴ്ച മുമ്പ് ആരംഭിച്ച അപേക്ഷ സ്വീകരിക്കല്‍ ഒരു പഞ്ചായത്തിന് രണ്ട് ദിവസം എന്ന നിലയിലാണ്. എന്നാല്‍, രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട നിരയാണ് സപ്ലൈ ഓഫിസിനു മുന്നില്‍. പലരും,  ഏറെ നേരം കാത്തു നിന്നിട്ടും, അപേക്ഷ സമര്‍പ്പിക്കാനാവാതെ മടങ്ങുകയായിരുന്നു.
ഇതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യമാണ് ശക്തമായിട്ടുള്ളത്. പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, പുതിയ റേഷന്‍ കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍, കാര്‍ഡ് മറ്റു സംസ്ഥാനത്തേക്ക് മാറ്റല്‍, കാര്‍ഡ് മറ്റു താലൂക്കുകളിലേക്ക് മാറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകളാണ് സ്വീകരിച്ചു തുടങ്ങിയത്. അപേക്ഷ പൂരിപ്പിക്കാന്‍ കഴിയാതെ അപേക്ഷകര്‍ വലയുന്നതും നിത്യകാഴ്ചയാണ്. ഇതിന് പരിഹാരമായി പൊന്നാനി താലൂക്ക് ഓഫിസ് പരിസരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹെല്‍പ് ഡെസ്‌ക് തുറന്നത് അപേക്ഷകര്‍ക്ക് ആശ്വാസമായി.
വരും ദിവസങ്ങളില്‍ മറ്റു സംഘടനകളും, ഹെല്‍പ് ഡെസ്‌ക് ആരംഭിക്കാനാണ് നീക്കം. റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനും, കാര്‍ഡ് ലഭിക്കാനും, സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയര്‍ സംവിധാനം ഒരുക്കിയിരുന്നെങ്കിലും, ഈ സംവിധാനം നടപ്പാവുന്നത് വൈകുന്നതിനാല്‍ അപേക്ഷകര്‍ ഏറെ വലയുകയാണ്. ഇതിനിടെ ഒരു പഞ്ചായത്തിലെ റേഷന്‍ കടയിലെ കാര്‍ഡില്‍ നിന്നും, പേര് വെട്ടിമാറ്റി മറ്റൊരു പഞ്ചായത്തിലേക്ക് ചേര്‍ക്കുന്നതിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
ഓരോ പഞ്ചായത്തുകള്‍ക്കും, വിവിധ ദിവസം നിര്‍ണയിച്ചതിനാല്‍ പഞ്ചായത്ത് മാറുന്ന അപേക്ഷകര്‍ ഏത് ദിവസം താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തണമെന്നറിയാതെ കുഴങ്ങുകയാണ്. നാലു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷ സ്വീകരിക്കുന്നത്.

RELATED STORIES

Share it
Top