റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിച്ചുതുടങ്ങും

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും താലൂക്ക് സപ്ലൈ/ സിറ്റി റേഷനിങ് ഓഫിസുകളില്‍ നാളെ മുതല്‍ സ്വീകരിക്കും. പുതിയ റേഷന്‍ കാര്‍ഡ്, അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്കോ സംസ്ഥാനത്തേക്കോ മാറ്റല്‍ തുടങ്ങിയവയ്ക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.
അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.civil
supplieskerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 18004251550, 1967 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അതത് ഓഫിസുകളില്‍ എത്തിക്കണം.
പുതിയ റേഷന്‍ കാര്‍ഡിന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവരുടെ കാര്‍ഡുകള്‍ താലൂക്ക് ഓഫിസില്‍ തയ്യാറായി വരുന്നു.
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി കംപ്യൂട്ടറില്‍ നിന്ന് ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് പ്രിന്റ് എടുക്കുന്നതിന് ഇതിലൂടെ എല്ലാവര്‍ക്കും സാധ്യമാകുന്ന സംവിധാനം ഒരു മാസത്തിനുള്ളില്‍ തയ്യാറാവും.
വ്യക്തികള്‍ക്ക് ആധാര്‍ നമ്പറും താമസ സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ രേഖകള്‍ സ്‌കാന്‍ ചെയ്തു സമര്‍പ്പിച്ച് ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡുകള്‍ എടുക്കാം. കാലതാമസം ഒഴിവാക്കുന്നതിനൊപ്പം ഓഫിസുകള്‍ പേപ്പര്‍രഹിതമാക്കാനും സാധിക്കും. സ്വന്തമായോ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്ക് അക്ഷയ സെന്റര്‍ മുഖേനയോ അപേക്ഷ നല്‍കാം.

RELATED STORIES

Share it
Top