റേഷന്‍ അനുകൂല്യം ലഭിക്കുന്നില്ലെന്ന്; ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ആലുവ: ഒന്നരവര്‍ഷത്തോളമായി റേഷന്‍ അനുകൂല്യം ലഭിക്കാത്തതിനെ തുടര്‍ന്ന് വൃദ്ധനായ ഗൃഹനാഥന്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തി.
എടത്തല ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പേങ്ങാട്ടുശ്ശേരിയില്‍ മുളയന്‍കോട് വീട്ടില്‍ അസീസ് അബ്ദുല്‍ റഹ്മാന്‍ ആണ് പെട്രോളുമായി എത്തി ആത്മഹത്യക്ക് ശ്രമം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12നാണു സംഭവം. കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന അസീസിന് 1988 മുതല്‍ ബിപിഎല്‍ അനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പുതിയ കാര്‍ഡ് നിര്‍ണയത്തിലെ അപാകതമൂലം മുന്‍ഗണന ലഭിക്കാത്ത വെള്ള കാര്‍ഡിലേക്ക് മാറുകയായിരുന്നു.
മൂന്നു പെണ്‍മക്കളും ഒരു മകനും ഉള്‍പ്പെടുന്നതാണു കൂലിപ്പണിക്കാരനായ അസീസിന്റെ കുടുംബം. നാട്ടുകാരുടെ സഹായത്തോടെയാണു പെണ്‍മക്കളുടെ വിവാഹം നടന്നത്. മകന്‍ കൂലിപ്പണിക്ക് പോയാണ് കുടുംബം കഴിയുന്നത്. കാര്‍ഡിലേക്ക് മാറിയതോടെ റേഷന്‍, ചികില്‍സാ സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നില്ല. കാര്‍ഡ് മാറ്റിയെടുക്കുന്നതിനായി ഒന്നര വര്‍ഷമായി ഓഫിസില്‍ കയറിയിറങ്ങുകയാണെന്നും ഇതുവരെ ഫലംകണ്ടില്ലെന്നും ഈ സാഹചര്യത്തിലാണ്ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അസീസ് പറയുന്നത്. താന്‍ മരിച്ചാലും വേണ്ടില്ല മറ്റുള്ളവര്‍ക്കെങ്കിലും കിട്ടട്ടെ എന്ന് പറഞ്ഞാണ് അസീസ് ശരീരം മുഴുവന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്.
വിവിധ രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരും പോലിസും ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്ത് എത്തുകയും പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞ് അനുനയിപ്പിച്ചാണ് അസീസിനെ പിന്തിരിപ്പിച്ചത്.

RELATED STORIES

Share it
Top