റേഷന്‍കടയില്‍ നിന്നു കടത്താന്‍ ശ്രമിച്ച ഗോതമ്പ് പിടികൂടി

ആലത്തൂര്‍: റേഷന്‍ കടയില്‍ നിന്ന് പെട്ടി ഓട്ടോയില്‍ കടത്തുകയായിരുന്ന ഗോതമ്പ് നാട്ടുകാര്‍ പിടികൂടി. തോണിപ്പാടം തോട്കാട്ടിലെ 157 നമ്പര്‍ റേഷന്‍ കടയില്‍ നിന്നാണ് കരിഞ്ചന്തയിലേക്ക് വില്‍ക്കാനായി 102 കിലോ ഗോതമ്പ് കടത്താന്‍ശ്രമിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ചാക്കുകള്‍ കൊണ്ടുപോകാനെന്ന വ്യാജേന എത്തിയ പെട്ടി ഓട്ടോയില്‍ രണ്ട് ചാക്കുകളിലായാണ് ഗോതമ്പ് പിടിച്ചെടുത്തത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസും താലൂക്ക് സപ്ലൈ ഓഫിസറും സ്ഥലത്തെത്തി. റേഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ 173 കിലോ അരി, 56 കിലോ ഗോതമ്പ് എന്നിവ കുറവുള്ളതായും 14 കിലോ ഗോതമ്പ് മാവ് പായ്ക്കറ്റ് കൂടുതലും കണ്ടെടുത്തു. റേഷന്‍ കട താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. പിടിച്ചെടുത്ത ഗോതമ്പ് പത്തനാപുരത്തെ 155നമ്പര്‍ റേഷന്‍ കടയില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കും. പെട്ടി ഓട്ടോ ആലത്തൂര്‍ പോലിസിന് കൈമാറി. ജില്ലാ സപ്ലൈ ഓഫിസര്‍ ജില്ലാ കലക്ടര്‍ക്ക് ഇത് സംബഡിച്ച റിപ്പോര്‍ട്ട് കൈമാറി.പരിശോധനയ്ക്ക് ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ പ്രസന്നകുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ യൂസഫ് പനങ്ങാടന്‍, ജയന്‍, അജയന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top