റേഷന്‍കടകളില്‍ ഇതുവരെയും ഏപ്രില്‍ മാസത്തെ സ്റ്റോക്കെത്തിയില്ല

തൃശൂര്‍: റേഷന്‍ വിതരണത്തില്‍ വന്‍ പ്രതിസന്ധി. തൃശൂര്‍ താലൂക്കിലെ എഴുപതോളം റേഷന്‍കടകളില്‍ ഇതുവരേയും ഏപ്രില്‍ മാസത്തെ സ്‌റ്റോക്കെത്തിയില്ല. അതേസമയം പ്രശ്‌നപരിഹാരത്തിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ മാസം അവസാനിച്ചപ്പോഴും റേഷന്‍ വിതരണ പ്രതിസന്ധി തുടരുകയാണ്. ജില്ലയില്‍ തൃശൂര്‍ താലൂക്കിലാണ് പ്രതിസന്ധി ഏറെ രൂക്ഷം. തൃശൂര്‍ താലൂക്കിലെ 70 ഓളം റേഷന്‍ കടകളില്‍ ഇനിയും അരി അടക്കമുള്ള സാധനങ്ങള്‍ ലഭ്യമായിട്ടില്ല. ഇപോസ് സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന സമരവും തൃശൂര്‍ പുരമടക്കമുള്ള അവധിയുമെല്ലാമാണ് തൃശൂര്‍ താലൂക്കിലെ റേഷന്‍ വിതരണത്തെ തകിടം മറിച്ചതെന്നാണ് അധികാരികളുടെ വിശദീകരണം.
സമരം 13ാം തിയതി ഒത്തുതീര്‍പ്പായെങ്കിലും സ്‌റ്റോക്ക് ലഭ്യമാക്കുന്ന കാര്യത്തില്‍ നേരിട്ട തടസങ്ങളാണ് റേഷന്‍ വിതരണത്തെ പ്രതികൂലമായി ബാധിച്ചത്. ഇപോസ് സംവിധാനം ഒരുക്കിയതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളും വിവിധയിടങ്ങളില്‍ പ്രതിസന്ധിയായി തുടരുന്നുണ്ട്.
മറ്റ് താലൂക്കുകളില്‍ വിതരണ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനായിട്ടുണ്ടെങ്കിലും ഇപോസ് സംവിധാനത്തിലേക്ക് മാറിയതിലുള്ള പ്രായോഗിക പ്രശ്‌നങ്ങളാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. മറ്റ് താലൂക്കുകളില്‍ 150ല്‍ താഴെ റേഷന്‍കടകള്‍ മാത്രമുള്ളപ്പോള്‍ തൃശൂര്‍ താലൂക്കില്‍ മുന്നൂറിലധികം റേഷന്‍ കടകളുണ്ടെന്നും അതിനാലാണ് എല്ലായിടത്തേക്കും സ്‌റ്റോക്കെത്തിക്കാ ന്‍ തടസമായതെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഇന്നുതന്നെ എല്ലാ റേഷന്‍കടകളിലേക്കും സ്‌റ്റോക്കെത്തിക്കാന്‍ നടപടി സ്വീകരിച്ചതായും ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് 9 വരെയാക്കി പുനക്രമീകരിച്ചിട്ടുണ്ടെന്നും സപ്ലൈ ഓഫീസര്‍ വിശദമാക്കി.

RELATED STORIES

Share it
Top