റേഡിയോ മീഡിയാ വില്ലേജ് ജീവകാരുണ്യ പദ്ധതികളുമായി അഞ്ചാം വര്‍ഷത്തിലേക്ക്ചങ്ങനാശ്ശേരി: ജീവകാരുണ്യ പദ്ധതികളുടെ നിറവില്‍ റേഡിയോ മീഡിയ വില്ലേജ് അഞ്ചാം വര്‍ഷത്തിലേയ്ക്ക്. പഞ്ചമം എന്നപേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാമൂഹിക ക്ഷേമ പദ്ധതികള്‍, ജീവകാരുണ്യ സംരംഭങ്ങള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍, കാര്‍ഷിക പരിപാടികള്‍, ആരോഗ്യ ക്ഷേമ പദ്ധതികള്‍, ഭവന പദ്ധതികള്‍ തുടങ്ങി നിരവധി പദ്ധതികളാണ് ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. നാളെ രാവിലെ 10ന് മീഡിയാ വില്ലേജില്‍ സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂനിക്കേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ മാധ്യമ സെമിനാറോടെയാണ് പഞ്ചമം പരിപാടികളുടെ തുടക്കമാവുന്നത്. സെമിനാര്‍ ഫിലിം എഡിറ്ററും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണുമായ ബീനാ പോള്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി എസ് രാധാക്യഷ്ണന്‍, പ്രഫ. ജോണ്‍ ശങ്കരമംഗലം, പ്രഫ. സാമര്‍ നഹാറ്റേ, പ്രഫ. ജോസി ജോസഫ്, പ്രഫ. അനുരാധ മജുംദാര്‍, ഫിലിം ക്രിറ്റിക്ക് വിജയക്യഷ്ണന്‍, സിനിമാ സംവിധായകന്‍ ഡോ. ബിജൂ, ഡോ. അജു കെ സാരായണന്‍, ഫാ. ആന്റണി ഏത്തക്കാട്ട്, ഡോ. ജോസഫ് പാറയ്ക്കല്‍ എന്നിവര്‍ പ്രബദ്ധങ്ങള്‍ അവതരിപ്പിക്കും. 18ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പ്രത്യാശ സംഗമസമ്മേളനം കോട്ടയം നവജീവന്‍ മാനേജിങ് ട്രസ്റ്റി പി യു തോമസ്  ഉദ്ഘാടനം ചെയ്യും. സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി അധ്യക്ഷത വഹിക്കും.തുടര്‍ന്ന് വൈകിട്ട് നാലിന് അഞ്ചാം വാര്‍ഷിക സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും.  തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌ന ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നില്‍ സുരേഷ് എംപി, സി എഫ് തോമസ് എംഎല്‍എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, ഡോ. ബി ഇക്ബാല്‍, സജി തോമസ്, ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി, ഫാ. ആന്റണി എത്തയ്ക്കാട്, അഡ്വ. ടോമി കണയംപ്ലാക്കല്‍, കെ വിപിന്‍രാജ് സംസാരിക്കും.ചടങ്ങില്‍ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് സ്വപ്‌നഭവനം നിര്‍മിക്കാനുള്ള ആധാരങ്ങള്‍ കൈമാറും. ചങ്ങനാശ്ശേരി ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് 100 വൃക്ക രോഗികള്‍ക്ക് ഡയാലിസ് കിറ്റ് വിതരണം ചെയ്യും. 100 കാന്‍സര്‍ രോഗികള്‍ക്കും, 100 കിടപ്പുരോഗികള്‍ക്കും ചടങ്ങില്‍ ധനസഹായം നല്‍കും. റോട്ടറി ക്ലബ് ഗ്രേറ്റര്‍ ഓഫ് ചങ്ങനാശ്ശേരി ഏര്‍പ്പെടുത്തിയ വൊക്കേഷനല്‍ സര്‍വീസ് മീഡിയാ അവാര്‍ഡ് റേഡിയോ പ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ സമ്മാനിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഫാ. ആന്റണി എത്തയ്ക്കാട്, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. ജോബിന്‍ പെരുംപളത്തുശേരി, അഡ്വ. ടോമി കണയംപ്ലാക്കല്‍, കെ വിപിന്‍രാജ് പങ്കെടുത്തു.

RELATED STORIES

Share it
Top