റേഡിയോ ജോക്കി കൊലപാതകം: യുവതി അറസ്റ്റില്‍

കിളിമാനൂര്‍: റേഡിയോ ജോക്കി രാജേഷിനെ മടവൂരില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു യുവതിയെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വര്‍ക്കല അയിരൂര്‍ കിഴക്കേപുറം റീന ഡെയിലിയില്‍ നിന്നും എറണാകുളം കപ്പലണ്ടിമുക്ക് ദാറുല്‍ സലാം റോഡില്‍ ഹയറുന്നീസ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിന ഷിഹാബ് (34) ആണ് അറസ്റ്റിലായത്. ഷിജിന ഷിഹാബ് ജോലിചെയ്യുന്ന തേവരയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നു വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
ഖത്തറില്‍ കഴിയുന്ന ഒന്നാംപ്രതി സത്താറിന്റെ നിര്‍ദേശാനുസരണം കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്ന അപ്പു എന്നിവരുടെ അക്കൗണ്ടിലേക്ക് പലപ്രാവശ്യം പണം കൈമാറിയത് ഷിജിന ഷിഹാബ് ആണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റെന്ന് കിളിമാനൂര്‍ സിഐ പ്രദീപ് കുമാര്‍ പറഞ്ഞു. മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടിനാണ് റേഡിയോ ജോക്കി രാജേഷി(35)നെ മടവൂരിലെ സ്വന്തം സ്ഥാപനത്തില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഒന്നാംപ്രതിയൊഴികെ എല്ലാവരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം റിമാന്‍ഡിലാണ്.
ഖത്തറില്‍ കഴിയുന്ന ഒന്നാംപ്രതി സത്താറിനെ പിടികൂടാനുണ്ട്. ഷിജിന ഷിഹാബിനെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top