റേഡിയോ ജോക്കിയുടെ കൊല പ്രധാന പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

കിളിമാനൂര്‍ (തിരുവനന്തപുരം): മടവൂരില്‍ മുന്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതിയടക്കം രണ്ടുപേരെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കായംകുളം പുള്ളിക്കണക്ക് ദേശത്തിനകം കളത്തില്‍ ഹൗസില്‍ അപ്പുണ്ണി എന്ന അപ്പു(32), ഇയാളെ ഒളിവില്‍ കഴിയാനും മറ്റും സഹായിച്ച അപ്പുണ്ണിയുടെ അടുത്ത ബന്ധു ചെന്നിത്തല തൃപ്പേരുംതുറ മതിച്ചുവട് വീട്ടില്‍ സുമിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
റൂറല്‍ പോലിസ് മേധാവി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അപ്പുണ്ണിയെ ഇന്നലെ വൈകീട്ട് ആറോടെ മടവൂരില്‍ കൊലനടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതോടെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്നുപേരടക്കം എട്ടുപേര്‍ അറസ്റ്റിലായി. കൊലപാതകത്തിന് കൊട്ടേഷന്‍ കൊടുത്ത വിദേശ മലയാളി ഖത്തറിലുള്ള സത്താര്‍ കൂടി പിടിയിലാവാനുണ്ട്. ഇയാള്‍ ഉടന്‍ അറസ്റ്റിലാവുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
കഴിഞ്ഞമാസം 27ന് പുലര്‍ച്ചെ രണ്ടോടെയാണ് മുന്‍ റേഡിയോ ജോക്കി രാജേഷ് (35) മടവൂരില്‍ കൊലചെയ്യപ്പെട്ടത്. രാജേഷും പ്രവാസി വ്യവസായി സത്താറിന്റെ ഭാര്യയും തമ്മിലുള്ള അവിഹിതബന്ധമാണ് ക്വട്ടേഷനിലും കൊലപാതകത്തിലും വഴിവച്ചത്. കാറില്‍ എത്തിയാണു സംഘം രാജേഷിനെ വെട്ടിക്കൊന്നത്.

RELATED STORIES

Share it
Top