റെയില്‍വേ സ്റ്റേഷന്‍ റോഡ് തകര്‍ന്നിട്ടും അധികാരികള്‍ക്ക് അനക്കമില്ല

വൈക്കം: ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന വെള്ളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ റെയില്‍വേ സ്റ്റേഷന്‍ റോഡ് തകര്‍ന്നിട്ടും അധികാരികള്‍ക്ക് അനക്കമില്ല. കാല്‍നട യാത്ര പോലും സാധ്യമല്ലാത്തവിധമാണ് റോഡ് തകര്‍ന്നുകിടക്കുന്നത്. റോഡ് പുനര്‍നിര്‍മാണത്തിന് പല കോണുകളില്‍നിന്ന് ഫണ്ടുകള്‍ അനുവദിച്ചെന്നു കാണിച്ച് ഫഌക്‌സുകള്‍ ഉയരുന്നുണ്ടെങ്കിലും ഒന്നും നടപ്പിലായി കാണുന്നില്ല. റോഡില്‍ ടാര്‍ ചെയ്ത സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. മെറ്റലുകളെല്ലാം ഇളകിക്കിടക്കുന്നു. ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കും പിറവം റോഡ് റെയില്‍വേ സേ്റ്റഷനിലേക്കുമെല്ലാം എത്തുന്ന ആളുകളാണ് ഏറ്റവുമധികം വലയുന്നത്. കമ്പനി ഒരുകാലത്ത് റോഡുകളെല്ലാം ടാറിങ് നടത്തി സൂക്ഷിച്ചിരുന്നു. എന്നാല്‍ കമ്പനി പ്രതിസന്ധിയിലായതോടെ റോഡുകളുടെ അവസ്ഥയും ദയനീയമായി. പ്രതിസന്ധിയിലും കമ്പനിയില്‍ നിന്നും നികുതി പറ്റുന്ന പഞ്ചായത്ത് ജനങ്ങളെ വെല്ലുവിളിക്കുന്ന കാഴ്ചയാണ്. വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡ് മിനുക്കുപണികള്‍ നടത്തി സഞ്ചാരപ്രദമാക്കിയപ്പോഴും റെയില്‍വേ സേ്റ്റഷന്‍ റോഡിനെ അധികാരികള്‍ മറന്നു. ഇതുജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ടെങ്കിലും കാണാത്ത ഭാവമാണ് പഞ്ചായത്ത് അധികാരികള്‍ കാണിക്കുന്നത്. വെള്ളൂര്‍ ടൗണ്‍ മുതല്‍ ചെക്ക് പോസ്റ്റ് വരെയുള്ള റോഡ് പൂര്‍ണമായി തകര്‍ന്നുകിടക്കുകയാണ്. സന്ധ്യ മയങ്ങിയാല്‍ കമ്പനിയിലേക്കും റെയില്‍വേ സേ്റ്റഷനിലേക്കും എത്തുന്ന അപരിചിതരായ യാത്രക്കാരെ കാത്തിരിക്കുന്നത് വലിയ അപകടങ്ങളാണ്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നതാണ് ജനകീയ ആവശ്യം.RELATED STORIES

Share it
Top