റെയില്‍വേ സ്റ്റേഷന്‍ എസ്‌കലേറ്റര്‍ വീണ്ടും പണിമുടക്കി

കായംകുളം:  റെയില്‍വേ സ്‌റ്റേഷന്‍ എസ്‌കലേറ്റര്‍ വീണ്ടും പണിമുടക്കി. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുന്നതിനിടെ രണ്ടാം തവണയാണ് എസ്‌കലേറ്റര്‍ പണിമുടക്കിയിരിക്കുന്നത്.
പണി പൂര്‍ത്തീകരിച്ചിട്ടും എസ്‌കലേറ്റര്‍ യാത്രക്കാര്‍ക്ക് തുറന്നു കോടുക്കാഞ്ഞതില്‍ പ്രതിഷേധം ശക്തമായതോടെയാണ് കഴിഞ്ഞ ഒന്നിന്  കെ സി വേണുഗോപാല്‍ എംപിയും ഡിവിഷനല്‍ റെയില്‍വേ മാനേജരും അടങ്ങുന്ന സംഘം എസ്‌കലേറ്റര്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തനം നിലച്ച എസ്‌കലേറ്റര്‍ മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ നാലു ദിവസമായി  നിശ്ചലമായ എസ്‌കലേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ദീഘദൂര ട്രെയിനുകളടക്കം നൂറ്റി അന്‍പതോളം ട്രെയിനുകള്‍ വന്നുപോകുന്ന കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് ഉളളത്.   ഇവയിലേക്ക് പോകണമെങ്കില്‍ ലഗേജ് ചുമന്ന് മേല്‍പ്പാലം കയറിയിറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ദീര്‍ഘദൂര ട്രെയിനുകളില്‍ പോകേണ്ട യാത്രക്കാരാണ് കൂടുതല്‍ വലയുന്നത്.
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എസ്‌കലേറ്റര്‍ അടിയന്തിരമായി നിര്‍ത്തേണ്ട സാഹചര്യത്തില്‍ അമര്‍ത്തേണ്ട സ്വിച്ച് യാത്രക്കാര്‍ കാണുന്ന തരത്തിലാണ് ഘടിപ്പിച്ചിരിക്കുന്നത്. യാത്രക്കാര്‍ തെറ്റിദ്ധരിച്ച് അമര്‍ത്തിയതാണ് എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമായതെന്നും തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തന സജ്ജമാക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top