റെയില്‍വേ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കു ബോണസ്

ന്യൂഡല്‍ഹി: റെയില്‍വേ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 11.91 ലക്ഷം ജീവനക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
78 ദിവസത്തെ പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസായി ഓരോ ജീവനക്കാര്‍ക്കും 17,951 രൂപ ലഭിക്കുമെന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
2,044.31 കോടിയാണ് ഇതിനായി സര്‍ക്കാരിന് ചെലവ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ ബോര്‍ഡ് ആണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങിനെയും നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് ഏജന്‍സിയെയും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ എജ്യൂക്കേഷന്‍ ആന്റ് ട്രെയിനിങില്‍ (എന്‍സിവിഇടി) ലയിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ചെയര്‍പേഴ്‌സണും എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് ഇതര അംഗങ്ങളും അടങ്ങുന്നതായിരിക്കും എന്‍സിവിഇടിയുടെ ഘടന. നൈപുണി വികസന പദ്ധതിയുടെ നിലവാരവും വിപണി സാധ്യതയും ഉയര്‍ത്തുന്നതിനും വൊക്കേഷനല്‍ എജ്യൂക്കേഷന്റെയും പരിശീലനത്തിന്റെയും വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും ഇതു കൊണ്ട് സാധിക്കുമെന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ആന്ധ്രപ്രദേശിലെ തിരുപ്പതി, ഒഡീഷയിലെ ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളില്‍ ഐസര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച്) കാംപസുകള്‍ സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 3074 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.

RELATED STORIES

Share it
Top