റെയില്‍വേ അവഗണനയ്‌ക്കെതിരേ തിരൂരില്‍ ഒറ്റയാള്‍ സമരം

തിരൂര്‍: മലപ്പുറം ജില്ലയേയും തിരൂര്‍ റെയില്‍വേ സ്റ്റേഷനേയും കാലങ്ങളായി അവഗണിക്കുന്ന റെയില്‍വേ മന്ത്രാലയത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടിയിലെ വടിക്കാക്ക എന്നറിയപ്പെടുന്ന അബ്ദുല്‍ മജീദ് തിരൂര്‍ റെയില്‍വേ സ്റ്റേഷനു മുമ്പില്‍ ഏകദിന സത്യഗ്രഹം നടത്തി.
ജൂണ്‍ 9ന് ആരംഭിച്ച അന്ത്യോദയ എക്‌സ്പ്രസ് ഉള്‍പ്പെടെ 28 ഓളം ട്രെയിനുകള്‍ക്കാണ് തിരൂരില്‍ ഇപ്പോഴും സ്റ്റോപ്പില്ലാത്തത്. ഈ ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പുകള്‍ അനുവദിക്കുക, കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷനായ തിരൂരിനെ പൈതൃക സ്റ്റേഷനായും മാതൃകാ സ്റ്റേഷനായും ഉയര്‍ത്തുക, യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സത്യഗ്രഹം. പാവപ്പെട്ട വഴിനടത്തക്കാര്‍ക്ക് ഊന്നുവടികള്‍ സൗജന്യമായി നല്‍കിയും റോഡില്‍ മരിച്ചു വീഴുന്ന ജന്തുക്കളെ സംസ്‌കരിച്ചും പൊതുസ്ഥലങ്ങള്‍ ശുദ്ധീകരിച്ചും കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ അബ്ദുല്‍ മജീദ് റെയില്‍വേയുടെ ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ചാണ് രാവിലെ മുതല്‍ വൈകീട്ടു വരെ സത്യഗ്രഹം അനുഷ്ഠിച്ചത്. സത്യഗ്രഹ സമരം തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ബാവ ഉദ്ഘാടനം ചെയ്തു.
മലപ്പുറം പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. മുജീബ് താനാളൂര്‍, അഷ്റഫ് ൈവലത്തൂര്‍, പ്രദീപ് പയ്യോളി, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, എ എസ് രാജേന്ദ്രന്‍, ഹമീദ് കൈനിക്കര, അലവി കണ്ണംകുളം, യൂനുസ് സലീം, ലത്തീഫ് പാലേരി, അന്‍വര്‍ പന്നിക്കണ്ടത്തില്‍, മുഹമൂദ് മംഗലം സംസാരിച്ചു.

RELATED STORIES

Share it
Top