റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; പ്രതിസന്ധിക്ക് പരിഹാരമായി

ഹരിപ്പാട്: ഹരിപ്പാട്-അമ്പലപ്പുഴ റെയില്‍പ്പാത ഇരിട്ടിപ്പിക്കലിന്റെ ഭാഗമായി തകഴിയിലെ കുന്നുമ്മയില്‍ അടിപ്പാതക്ക് സമാന്തരമായി ചെറിയ റോഡും കരുവാറ്റയിലെ ദേശീയ ജലപാത കടന്നു പോകുന്ന ലീഡിങ് ചാനലില്‍ പാലവും കരുവാറ്റയിലെ തന്നെ കോരംകുഴിയില്‍ പാളം താഴുന്നത് തടയാന്‍ പദ്ധതിയുമായെന്ന്  റെയില്‍വെ അറിയിച്ചു. കായംകുളം മുതല്‍ ഹരിപ്പാട് വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി. 13കിലോമീറ്റര്‍ ദൂരമാണിതെന്നും അധികൃതര്‍ അറിയിച്ചു.
അമ്പലപ്പുഴ- തുറവൂര്‍,തുറവൂര്‍- കുമ്പളം,കുമ്പളം- എറണാകുളം ബ്ലോക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ 856 കോടി രൂപയോടെ പൂര്‍ത്തീകരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കേന്ദ്രസഹായത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണിപ്പോള്‍. കുന്നുമ്മയില്‍ ആറുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനായിരുന്നു റെയില്‍വേയുടെ ആദ്യ തീരുമാനം. ഈ തീരുമാനത്തെ പ്രദേശവാസികള്‍ എതിര്‍ത്തു.
ഒരുമീറ്ററിലെ ഫുട്പാത്ത് ഒഴിവാക്കി ആസ്ഥലം കൂടി വാഹനങ്ങള്‍ക്ക് കടന്നുപോകുന്ന വിധത്തില്‍ റോഡിന്റെ വീതി ഏഴുമീറ്ററാക്കി. ചെറിയ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കുമായി നാലുമീറ്റര്‍ വീതിയില്‍ അടിപ്പാത്ക്ക് സമാന്തരമായി രണ്ടരമീറ്റര്‍ ഉയരത്തില്‍ ഒരുറോഡ് കൂടിപണിയുമെന്ന് അധികൃതര്‍ അറിയിച്ചു.
ലീഡിങ്ചാനലില്‍ റെയില്‍വെ പാലം പണിയുന്നതിനെ ജലപാത അതോറിറ്റി എതിര്‍ത്തിരുന്നു. പാലത്തിന്റെ തൂണ് ജലപാതയില്‍ വരുന്നതുകൊണ്ടാണിതിനെ എതിര്‍ത്തത്. ഉരുക്ക് സ്പാന്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. 20 മീറ്ററിന്റെ നാലുകോണ്‍ക്രീറ്റ് സ്പാനുമുണ്ടാകും.
പിവിഡി സാങ്കേതികവിദ്യയോടെ പാളം  താഴുന്നത്  ഒഴിവാക്കാന്‍ കഴിയുന്ന നിര്‍മാണമാണ് ഇനിയും കോരംകുഴിയില്‍ നടക്കുക. തിരുവന്തപുരം- കായംകുളം- എറണാകുളം പാതയില്‍ കരുവാറ്റ കോരംകുഴിയിലാണ് പാളം താഴുന്നത്. മറ്റ് സ്ഥലങ്ങളില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ ഇവിടെ 45 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ കടന്നു പോകുന്നത്. പാത ഇരട്ടിപ്പിക്കല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ യാതൊരു തടസ്സങ്ങളും കൂടാതെ തിരുവന്തപുരത്തുനിന്നും എറണാകുളം വരെ വളരെ വേഗത്തില്‍ എത്താന്‍ കഴിയുമെന്നാണ് നിത്യേന ട്രെയിനെ ആശ്രയിച്ച് യാത്രചെയ്യുന്നവരുടെ പ്രതീക്ഷ.

RELATED STORIES

Share it
Top