റെഡ് ക്രസന്റ് കേരളത്തില്‍ വീട് വെക്കാന്‍ സഹായിക്കും. മുഖ്യമന്ത്രി

അബുദബി: കേരളത്തിലെ പ്രളയ ക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് സഹായം  നല്‍കാമെന്നു അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അബുദാബിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി എമിറേറ്റ്‌സ് റെഡ് ക്രസന്റ് വെസ്‌റ്റെണ്‍ റീജിയന്‍ ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് റെഡ് ക്രസന്റ് മേധാവി കേരളത്തിന് സഹായം വാഗ്ദാനം ചെയ്തത്. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചായിരിക്കും സഹായം സ്വീകരിക്കുന്നത്.
ചാരിറ്റി സംഘടനകളില്‍ നിന്നും കേരളത്തിന് സഹായം തേടുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിനു നിയമ തടസങ്ങളുണ്ട്. എന്നാല്‍ ചാരിറ്റി സംഘടനകളില്‍ നിന്നും സഹായം സ്വീകരിക്കുന്നതിനു തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ അറിയിച്ചു. കേരളത്തില്‍ ഏതു മേഖലകളിലാണ് സഹായം അനിവാര്യമായിട്ടുള്ളതെന്നു ചര്‍ച്ച ചെയ്തു . ഇതനുസരിച്ചാണ് വീട് നിര്‍മ്മാണ മേഖലയില്‍ ആണ് സഹായം വേണ്ടതെന്നു തീരുമാനമായത്. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം എ യുസഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി കോണ്‍സുല്‍ സ്മിത പന്ദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top