റെഡി ടു കുക്ക് പച്ച മല്‍സ്യങ്ങള്‍ ഈ വര്‍ഷം വിപണിയില്‍: മന്ത്രി

കൊച്ചി: റെഡി ടു കുക്ക് പച്ച മ ല്‍സ്യങ്ങള്‍ ഡിസംബറില്‍ വിപണിയിലെത്തിക്കുമെന്നു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. തീരമൈത്രി ഉല്‍പന്നങ്ങളുടെ സംസ്ഥാനതല സമാരംഭവും ആദ്യ വില്‍പനയും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മല്‍സ്യത്തൊഴിലാളി വനിതകള്‍ക്ക് തൊഴില്‍ വരുമാനവും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഉണക്ക മല്‍സ്യവും ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. അടുത്ത ആറുമാസത്തിനുള്ളില്‍ കേരളത്തിലെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും തീരമൈത്രി ഉണക്ക മല്‍സ്യം ലഭ്യമാക്കും. കൂടാതെ, ആറു മാസത്തിനുള്ളില്‍ റെഡി ടു ഈറ്റ് മല്‍സ്യ കയറ്റുമതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സുരക്ഷിത ഉണക്ക മല്‍സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തീരമൈത്രി ബ്രാന്‍ഡിലാണ് ഉണക്ക മ ല്‍സ്യം വിപണിയിലെത്തിക്കുന്നത്. ഫിഷറീസ് വകുപ്പിനു കീഴിലുള്ള സാഫ് മുഖേനയാണ് പദ്ധതി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തീരമൈത്രി പദ്ധതിയില്‍ 11 കോടി രൂപയുടെ ബദല്‍ ജീവനോപാധി പദ്ധതികള്‍ സാഫ് മുഖേന നടപ്പാക്കും.
തീരദേശ പ്രദേശങ്ങളില്‍ പ്ലസ് ടുവിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള മല്‍സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് രണ്ടു മാസം നീണ്ടുനില്‍ക്കുന്ന തീരനൈപുണ്യ പരിശീലന പരിപാടി സാഫ് നടപ്പാക്കുന്നുണ്ട്. ഇവര്‍ക്ക് പ്രതിമാസം 3,000 രൂപ സ്‌റ്റൈപന്റ് ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ മന്ത്രിക്ക് കൈമാറി.

RELATED STORIES

Share it
Top