റെക്കോഡ് പ്രകടനവുമായി സ്റ്റീവ് സ്മിത്ത്, ഓസീസ് കൂറ്റന്‍ ലീഡിലേക്ക്


പെര്‍ത്ത്: സ്റ്റീവ് സ്മിത്തിന്റെ അപരാജിത ഇരട്ട സെഞ്ച്വറിയോടെ കളം നിറഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ആസ്‌ത്രേലിയക്ക് കൂറ്റന്‍ ലീഡ്. ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 403 റണ്‍സിന് മറുപടിക്കിറങ്ങിയ ആസ്‌ത്രേലിയ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 549 റണ്‍സെന്ന മികച്ച നിലയിലാണുള്ളത്. ആറ് വിക്കറ്റുകള്‍ ശേഷിക്കെ 146 റണ്‍സിന്റെ ലീഡാണ് ഓസീസിനുള്ളത്. മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ആസ്‌ത്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് (229*) പോരാട്ടവീര്യം കൈവിടാതെ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോറിനെ അനായാസം ഓസീസ് മറികടന്നു. മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഷോണ്‍ മാര്‍ഷിനെ (28) ഓസീസിന് നഷ്ടമായെങ്കിലും തൊട്ടുപിന്നാലെ ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷും (181*) നിലയുറപ്പിച്ചതോടെ ഓസീസ് മികച്ച നിലയിലേക്കെത്തുകയായിരുന്നു. 390 പന്തുകള്‍ നേരിട്ട് 28 ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ടതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. ഇതോടെ തുടര്‍ച്ചയായ നാലാം സീസണിലും 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയ സ്മിത്ത് ഈ നേട്ടത്തില്‍ മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്റെ റെക്കോഡിനൊപ്പമെത്തി.അതേ സമയം 234 പന്തുകള്‍ നേരിട്ട് 29 ബൗണ്ടറികള്‍ പറത്തിയാണ് മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറി പ്രകടനം. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ട് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച് 301 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇംഗ്ലണ്ടിന് വേണ്ടി ഓവര്‍ട്ടന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മോയിന്‍ അലിയും ക്രിസ് വോക്‌സും ഓരോ വിക്കറ്റുകളും അക്കൗണ്ടിലാക്കി. അഞ്ച് മല്‍സര പരമ്പരയില്‍ 2-0ന് ആസ്‌ത്രേലിയ മുന്നിലാണ്.

RELATED STORIES

Share it
Top