റെക്കോഡ് കലക്ഷനുമായി കെഎസ്ആര്‍ടിസി

പാലക്കാട്: ജില്ലയില്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇത്തവണ റെക്കോഡ് കലക്ഷന്‍. ക്രിസ്മസ്-പുതുവര്‍ഷത്തോടനുബന്ധിച്ച് അധിക സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസിക്ക് ഒറ്റദിവസം കൊണ്ട് ലഭിച്ചത് 32.87 ലക്ഷം രൂപ. ഇതിന് പ്രധാന ഡിപ്പോയായ പാലക്കാട് ഡിപ്പോയില്‍ നിന്നുമാത്രം 19 ലക്ഷം രൂപയാണ് ഒറ്റദിവസത്തെ കലക്ഷന്‍. കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് ക്രിസ്—മസ് അവധിയുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മൂന്നു സ്ഥലങ്ങളിലേക്ക് പാലക്കാട് ജില്ലയില്‍ നിന്നുമായി 18 പ്രത്യേക സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ സര്‍വീസാരംഭിച്ച അവധി ദിനത്തില്‍ തന്നെ 18.98 ലക്ഷം രൂപ കലക്ഷന്‍ ലഭിച്ചു. തുടര്‍ന്നുള്ള രണ്ടുദിവസങ്ങളിലും മതിയായ വരുമാനം ലഭിച്ചെങ്കിലും ഒറ്റ ദിവസം കൊണ്ട് ഇത്രയും വരുമാനം ലഭിക്കുന്നത് പാലക്കാട് ഡിപ്പോയുടെ ചരിത്രത്തില്‍ ആദ്യമാണ്. അവധിദിനങ്ങളല്ലാത്ത സാധാരണ ദിനങ്ങളില്‍ പാലക്കാട് ഡിപ്പോയിലെ വരുമാനം 12 മുതല്‍ 14 ലക്ഷം രൂപ വരെയാണ്. അവധി ദിനങ്ങളില്‍ നടത്തുന്ന അധിക സര്‍വീസുകള്‍ നടത്തുമ്പോള്‍ ജീവനക്കാരെ കൂടുതല്‍ നിയമിച്ചിട്ടില്ലെന്നതും ജീവനക്കാരുടെ അര്‍പണബോധത്തിന്റെ തെളിവാണ്. ഉല്‍സവസീസണുകള്‍ കഴുയുന്നതുവരെ ജീവനക്കാര്‍ ഓഫും അവധിയുമൊക്കെയായി ജോലിയില്‍ കര്‍മനിരതമാവുന്നതിനാലാണ് അധികജോലിക്കാരുടെ ആവശ്യമില്ലാത്തതിനു കാരണം. നിലവില്‍ ഡ്രൈവര്‍മാരുടെ ഒഴിവുണ്ടെങ്കിലും ജീവനക്കാരുടെ സഹകരണത്തോടെ ഇതു മറികടക്കുകയാണ്. ജില്ലയിലെ മറ്റു നാലു ഡിപ്പോകളിലും കൂടി 32,87,630 രൂപയാണ് ക്രസ്—മസ് ദിനത്തിലെ കലക്്ഷന്‍. ക്രിസ്മസ് പുതുവല്‍സരം പ്രമാണിച്ച് തിരക്കു കൂടുതലുള്ള മേഖലകളിലേക്കാണ് അധിക സര്‍വീസ് നടത്തുന്നത്. കോയമ്പത്തൂര്‍, എറണാകുളം, കോഴിക്കോട് ഭാഗത്തേക്കാണ് സര്‍വീസ് നടത്തിയത്. ഇത് സമയബന്ധിത സര്‍വ്വീസല്ലാത്തതിനാല്‍ ആളുകള്‍ നിറയുന്ന മുറക്ക് ബസ്സുകള്‍ പുറപ്പെട്ടുകൊണ്ടിരിക്കും. ശബരിമല സീസണാരംഭിച്ചപ്പോള്‍ കുറച്ച് ബസുകള്‍ പമ്പയിലേക്കയച്ചുവെങ്കിലും പുതുവല്‍സരം അധിക സര്‍വീസിന് കുറവില്ല. ചിറ്റൂര്‍ ഡിപ്പോയില്‍ 5,01,332 രൂപയും വടക്കഞ്ചേരി ഡിപ്പോയില്‍ 3,94 427 രൂപയും മണ്ണാര്‍ക്കാട് ഡിപ്പോയില്‍ 4,92, 420 രൂപയുമാണ് ക്രിസ്തുമസ് ദിനത്തിലെ വരുമാനം. നിലവില്‍ ട്രെയിനുകള്‍ കുറവായതിനാല്‍ അവധിക്കാലം മുതലെടുത്ത് സ്വകാര്യ ട്രാവല്‍സ് ബസുകള്‍ ചാര്‍ജ്ജ് കുത്തനെ കൂട്ടിയതോടെ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നതാണ് അവധിദിനങ്ങളില്‍ ഡിപ്പോകളില്‍ റിക്കാര്‍ഡ് കലക്ഷന്‍ ലഭിക്കാന്‍ കാരണമാവുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

RELATED STORIES

Share it
Top