റെക്കോഡ് അര്‍ധ സെഞ്ച്വറി നേടി മന്ദാന; എന്നിട്ടും ഇന്ത്യ തോറ്റുമുംബൈ: ത്രിരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. റണ്‍മഴ പെയ്ത മല്‍സരത്തില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 198 റണ്‍സിനെ 18.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 199 റണ്‍സ് നേടി ഇംഗ്ലീഷ് പട മറികടക്കുകയായിരുന്നു. വെടിക്കെട്ട് സെഞ്ച്വറി നേടിയ ഡാനിയെല്ലി വ്യാട്ടിന്റെ (124)  പ്രകടനമാണ് ഇന്ത്യയെ തരിപ്പണമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് സ്മൃതി മന്ദാനയും (76) മിതാലി രാജും ചേര്‍ന്ന് സമ്മാനിച്ചത്. ഇരുവരുടെയും കൂട്ടുകെട്ട്  12.5 ഓവറില്‍ 129 റണ്‍സില്‍ നില്‍ക്കെ സ്മൃതി മന്ദാന പുറത്തായി. 40 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറും പറത്തിയ മന്ദാനയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് സ്‌കിവറാണ് അവസാനിപ്പിച്ചത്. 25 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ മന്ദാന ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ വനിതാ താരം നേടുന്ന ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി എന്ന റെക്കോഡും അക്കൗണ്ടിലാക്കി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം (30) മിതാലി പോരാട്ടം തുടര്‍ന്നെങ്കിലും അര്‍ധസെഞ്ചറിക്ക് പിന്നാലെ പുറത്തായി. 43 പന്തില്‍ ഏഴ് ഫോറുകള്‍ പറത്തിയ മിതാലിയെ ഫരാന്റാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ കൗറിനൊപ്പം വസ്ട്രാക്കര്‍ (22) നടത്തിയ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 198 എന്ന സ്‌കോറിലേക്കെത്തിച്ചത്. കൗര്‍ 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും പറത്തിയപ്പോള്‍ 10 പന്തില്‍ നാല് ബൗണ്ടറികള്‍ വസ്ട്രാക്കറും അക്കൗണ്ടിലാക്കി. ഇംഗ്ലീഷ് നിരയില്‍ ഫരാന്റ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ എക്ലിസ്‌റ്റോണ്‍, സ്‌കിവര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും പങ്കിട്ടു.കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ഓപണര്‍ ഡാനിയെല്ലി വ്യാട്ട് കത്തിക്കയറിയതോടെ അനായാസം ഇംഗ്ലണ്ട് വിജയം കാണുകയായിരുന്നു. 64 പന്തില്‍ 15 ഫോറും അഞ്ച് സിക്‌സറും പറത്തിയാണ് വ്യാട്ടിന്റെ സെഞ്ച്വറി പ്രകടനം. ബ്യൂമൗണ്ടും (35) ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത് ഇന്ത്യയുടെ രണ്ടാം തോല്‍വിയും.ഇന്നത്തെ മല്‍സരത്തോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജെന്നി ഗണ്‍ ചരിത്ര റെക്കോഡും സ്വന്തമാക്കി. ലോക ട്വന്റി20 ക്രിക്കറ്റില്‍ 100 മല്‍സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് ജെന്നി സ്വന്തമാക്കിയത്. 2004ല്‍ ആണ് താരം തന്റെ അരങ്ങേറ്റ ട്വന്റി20 അന്താരാഷ്ട്ര മല്‍സരം കളിച്ചത്. പുരുഷവനിത ക്രിക്കറ്റര്‍മാരില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ജെന്നി.

RELATED STORIES

Share it
Top