റെക്കോഡിട്ട് ബെയ്ല്‍; വെയില്‍സിന് ജയംനാനിങ്(ചൈന):  ചൈനാ കപ്പ് ‘ഫുട്‌ബോളില്‍ വെയില്‍സിന് തകര്‍പ്പന്‍ ജയം. റയല്‍ മാഡ്രിഡ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗാരത് ബെയ്ല്‍ ഹാട്രിക്ക് ഗോളുകളോടെ നിറഞ്ഞാടിയ മല്‍സരത്തില്‍ ആതിഥേയരായ ചൈനയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് വെയില്‍സ് മുക്കിയത്. ഹാട്രിക്കോടെ വെയില്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡും ബെയ്ല്‍ സ്വന്തമാക്കി. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ ബെയ്‌ലിലൂടെ വെയില്‍സ് അക്കൗണ്ട് തുറന്നു. വോക്‌സിന്റെ അസിസ്റ്റിലായിരുന്നു ബെയ്‌ലിന്റെ ഗോള്‍ നേട്ടം. 21ാം മിനിറ്റില്‍ ഇരുവരുടെയും കൂട്ടുകെട്ട് വീണ്ടും ലക്ഷ്യം കണ്ടപ്പോള്‍ വെയില്‍സിന്റെ അക്കൗണ്ടില്‍ രണ്ടാം ഗോളും പിറന്നു. പരിചയ സമ്പന്നരല്ലാത്ത ചൈനയുടെ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ചുകൊണ്ടേയിരുന്ന വെയില്‍സ് നിര 38ാം മിനിറ്റില്‍ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ഇത്തവണ ആദ്യ രണ്ട് ഗോളിന് അസിസ്റ്റ് നല്‍കിയ വോക്‌സാണ് വലകുലുക്കിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ വില്‍സണും വലകുലുക്കിയതോടെ ആദ്യ പകുതി എതിരില്ലാത്ത നാല് ഗോളുകളുടെ ആധിപത്യത്തോടെയാണ് വെയില്‍സ് പിരിഞ്ഞത്.രണ്ടാം പകുതിയിലും ഗോള്‍ വേട്ടതുടര്‍ന്ന വെയില്‍സിന് വേണ്ടി 58ാ മിനിറ്റില്‍ വോക്‌സ് ഇരട്ട ഗോളുകള്‍ പൂര്‍ത്തിയാക്കി ടീം അക്കൗണ്ടില്‍ അഞ്ചാം ഗോളും സമ്മാനിച്ചു. 62ാം മിനിറ്റില്‍ അലെന്റെ അസിസ്റ്റിലൂടെ ഹാട്രിക്ക് തികച്ച ബെയ്ല്‍ വെയില്‍സ് ഗോള്‍പട്ടികയും പൂര്‍ത്തിയാക്കി. ഇതോടെ വെയില്‍സിന്റെ ജഴ്‌സിയില്‍ 29 ഗോളുകള്‍ തികച്ച ബെയ്ല്‍ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡും സ്വന്തം പേരിലെഴുതി. 28 ഗോളുകള്‍ ഉണ്ടായിരുന്ന ഇയാന്‍ റഷിനെയാണ് ബെയ്ല്‍ മറികടന്നത്.

RELATED STORIES

Share it
Top