റൂറല്‍ എസ്പിയെ രക്ഷപ്പെടുത്താന്‍ ഉന്നതതല നീക്കം

ആലുവ: സംസ്ഥാന അഭ്യന്തര വകുപ്പിനെ തന്നെ പ്രതിക്കൂട്ടിലാക്കിയ വരാപ്പുഴ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്പിയെ രക്ഷപ്പെടുത്താനുള്ള നീക്കം ശക്തമായി. വരാപ്പുഴ പോലിസ് സ്‌റ്റേഷനില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ വരാപ്പുഴ സ്വദേശി ശ്രീജിത്ത് മരിച്ച കേസിലാണ് റൂറല്‍ പോലിസ് മേധാവിയായ എ വി ജോര്‍ജിനെ രക്ഷപ്പെടുത്താനുള്ള നീക്കം അണിയറയില്‍ കൊഴുക്കുന്നത്.
സംസ്ഥാനത്തു നിരവധി മനുഷ്യാവകാശ ലംലനങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള പോലിസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ ഭരണകക്ഷിയായ സിപി എം നേതാക്കള്‍ തന്നെയാണു  രംഗത്തുള്ളത്.
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആലുവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതു മറയില്ലാതെ വെളിവാകുകയും ചെയ്തു.
വരാപ്പുഴ സംഭവത്തില്‍ റൂറല്‍ എസ്പിക്കെതിരേ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാതിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഈ ആവശ്യമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇതു നിയമസഭയില്‍ പറയട്ടെയെന്നായിരുന്നു മറുപടി.ഇതോടെ ആഭ്യന്തര വകുപ്പിനെ പോലും നോക്കുകുത്തിയാക്കി കൊണ്ട് എസ്പി നടപ്പാക്കിയ എല്ലാ നടപടികള്‍ക്കും ഭരണകക്ഷിയുടെ രഹസ്യമായ സഹായമുണ്ടായിരുന്നുവെന്നു വ്യക്തമായി.
ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം പോലും ലംഘിച്ചു റൂറല്‍ ജില്ലയില്‍ തന്റെ പൂര്‍ണ നിയന്ത്രണത്തില്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങള്‍ വരാപ്പുഴ കേസില്‍ പ്രതിക്കൂട്ടിലായതോടെ ഈ ഫോഴ്‌സ് തന്നെ പിരിച്ചുവിട്ട് കൈ കഴുകാനുള്ള തന്ത്രങ്ങള്‍ക്കു പിന്നിലും ഭരണകക്ഷി നേതൃത്വമാണെന്ന ആക്ഷേപമുയ ര്‍ന്നിട്ടുണ്ട്.
കേരളത്തിലെ നിരവധി ന്യൂനപക്ഷ വേട്ടുകള്‍ക്കും പീഡനങ്ങള്‍ക്കും നേതൃത്വം നല്‍കിയ എ വി ജോര്‍ജിനെ ഐജിയായി ഉയര്‍ത്താന്‍ ഭരണകക്ഷി നേതാക്കള്‍ തന്നെ നീക്കം നടത്തിയിരുന്നു. എന്നാല്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് ഈ നടപടി താല്‍ക്കാലികമായി മാറ്റിവച്ചിരുന്നു.
ആഭ്യന്തര വകുപ്പിന് തന്നെ മാനക്കേടുണ്ടാക്കുന്ന ഈ പോലിസ് ഉദ്യോഗസ്ഥനെ വരാപ്പുഴ കേസിലും രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിനെതിരേ ഘടകകക്ഷികള്‍ക്കിടയില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top